പടിഞ്ഞാറെ കല്ലട : സാധാരണക്കാരന്റെ ഏക ആശ്രയമായ ശാസ്താംകോട്ട ഗവ. താലൂക്ക് ആശുപത്രിയുടെ അവസ്ഥ പരിതാപകരം. സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ നവീകരിച്ച കെട്ടിടം ചോർന്നൊലിക്കുന്നു. നിർമ്മാണ പ്രവർത്തനത്തിലെ അപാകതകളും കരാറുകാരനെ സഹായിക്കുന്ന തരത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി വേണ്ടത്ര മേൽനോട്ടമില്ലാതെ നിർമ്മാണം നടത്തിയതുമാണ് കെട്ടിടം ചോരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അധികൃതരുടെ അലംഭാവം
സാധാരണക്കാരന് വേണ്ടത്ര ചികിത്സ നൽകാതെ തിരിച്ചയക്കുന്നത് നിത്യസംഭവമാണ്. ഒരു വർഷത്തിലധികമായി നിലച്ച എക്സ്റേയുടെ പ്രവർത്തനം പുന:രാരംഭിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു നീക്കവുമില്ല. താലൂക്ക് ഹെഡ് കോർട്ടേഴ്സ് ആശുപത്രിയായിട്ടും സ്റ്റാഫ് പാറ്റേൺ ഇല്ല. ഐ.സി.യുവിന്റെ പ്രവർത്തനവും ഇല്ല, കൊവിഡ് കാലത്ത് കൊടിക്കുന്നിൽ സുരേഷ് എം.പി അനുവദിച്ച വെന്റിലേറ്ററുകൾ ആശുപത്രിയുടെ പരിമിതി കാരണം തിരിച്ചയക്കേണ്ടി വന്നു.
താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കണം. ഈ കാര്യത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ സംശയിക്കുന്നു. നിർമ്മാണ പ്രവത്തനങ്ങളിലെ അഴിമതി വിജിലൻസ് അന്യേഷിക്കണം. നടപടിയില്ലെങ്കിൽ സമരം തുടങ്ങും.
വൈ.ഷാജഹാൻ
കോൺഗ്രസ് ശാസ്താംകോട്ട
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്