കൊല്ലം: കൊല്ലം തേനി ദേശീയപാത (എൻ.എച്ച് 183) 16 മീറ്ററിൽ വികസിപ്പിക്കുന്നതിനൊപ്പം പെരിനാട് മേല്പാലം മുതൽ ഭരണിക്കാവ് വരെ ബൈപ്പാസ് നിർമ്മിക്കാൻ ശുപാർശ. ദേശീയപാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കളക്ടർ എൻ. ദേവിദാസ് വിളിച്ചുചേർത്ത യോഗത്തിൽ പദ്ധതിയുടെ കൺസൾട്ടന്റായ സ്വകാര്യ ഏജൻസിയാണ് ബൈപ്പാസിന്റെ ശുപാർശ അവതരിപ്പിച്ചത്.
എൻ.എച്ച് 183ൽ ഉൾപ്പെടുന്ന കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ മുതൽ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആലിഞ്ഞിമൂട് വരെയുള്ള 62 കിലോമീറ്റർ ദേശീയപാതയുടെ വികസനം യോഗം ചർച്ച ചെയ്തു. പുതിയ ബൈപ്പാസിന്റെ ശുപാർശ അടുത്തമാസം 22ന് വീണ്ടും യോഗം ചേർന്ന് ചർച്ച ചെയ്യും. എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എം മുകേഷ്, പി.സി. വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.