കൊല്ലം: ജി​ല്ലയി​ൽ ഇന്നലെ രാവി​ലെ മുതൽ ലഭി​ച്ചത് അതി​ശക്തമായ മഴ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മഴ കനത്തതോടെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇടയ്ക്ക് മഴ ശമിച്ചെങ്കിലും പിന്നീട് ശക്തമാവുകയായിരുന്നു. ദേശീയപാതയിലടക്കം മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയിൽ ജലപാതങ്ങളും, അരുവികളും നിറഞ്ഞതോടെ സഞ്ചാരികളെ വിലക്കി. ആര്യങ്കാവ് പാലരുവി, തെന്മല ഇക്കോ ടൂറിസം കേന്ദ്രം, കല്ലാർ, മങ്കയം ഭാഗങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. മഴ കനത്തതോടെ ഉറുകുന്ന്, ഒറ്റക്കൽ, അച്ചൻകോവിൽ തൂവൽ മല ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഭീതിയും നിലനിൽക്കുന്നുണ്ട്. ഇത്തിക്കര, പള്ളിക്കൽ, കല്ലട നദികളിലെ ജലനിരപ്പ് വാണിംഗ് ലെവലിന് താഴെയാണ്. മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. തെന്മല ഡാമിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരം സുരക്ഷിതനിലയിലാണ്. നിലവിൽ ക്യാമ്പ് തുടങ്ങേണ്ട സാഹചര്യം എങ്ങും ഇല്ലെന്നാണ് അധികൃതർ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജില്ലയിൽ രണ്ട് വീടുകൾക്ക് ഭാഗിക നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും ആര്യങ്കാവ്, തെന്മല വില്ലേജുകളുടെ പരിധിയിൽ ഏതാനും വീടുകളിലും കടകളിലും വെള്ളം കയറുകയും ചെയ്തു. ഇത് സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കൊല്ലം, കല്ലുംതാഴം ജംഗ്ഷനിൽ ആൽമരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞുവീണ് 5 പേർക്ക് പരിക്ക് പറ്റിയിരുന്നു.

ശക്തമായ കാറ്റുണ്ടാവാം

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

 അപകട മേഖലയിൽ താമസിക്കുന്നവർ മാറി താമസിക്കണം

 വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം

 മരങ്ങൾക്ക് താഴെ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്

കുട്ടികളെ പുഴയിലോ തോടുകളിലോ ഇറങ്ങാൻ അനുവദിക്കരുത്

 ജലാശയങ്ങൾക്ക് ചുറ്റും താമസിക്കുന്നവർ ജാഗ്രത പാലിക്കണം

വിളിക്കേണ്ട നമ്പർ

വൈദ്യുതി ലൈൻ അപകടം- 1056

കളക്ട്രേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 9447677800

കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912

താലൂക്ക് കൺട്രോൾ റൂം

കൊല്ലം : 0474-2742116, 9447194116

കരുനാഗപ്പള്ളി : 0476-2620223, 9497135022

കുന്നത്തൂർ : 0476-2830345 , 9447170345

കൊട്ടാരക്കര : 0474-2454623, 9447184623

പത്തനാപുരം : 0475-2350090 , 9447191605

പുനലൂർ : 0475-2222605, 8547618456

ഇന്നലെ ലഭിച്ച മഴ

പാരിപ്പള്ളി - 46.5 മില്ലി മീറ്റർ

തെന്മല - 46 മില്ലി മീറ്റർ

ചവറ- 30.5 മില്ലി മീറ്റർ

പുനലൂർ - 11.2 മില്ലി മീറ്റർ

കാരുവേലിൽ - 11മില്ലി മീറ്റർ

കൊല്ലം - 3 മില്ലി മീറ്റർ

ആര്യങ്കാവ് - 0.4മില്ലി മീറ്റർ