 
കൊല്ലം: ഇരവിപുരം റയിൽവേ സ്റ്റേഷന്റെ സമഗ്രവികസനത്തിനായി രണ്ടര കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുളള ടെണ്ടർ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തിരുവനന്തപുരത്ത് റയിൽവേ ഡിവിഷണൽ മാനേജരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നതതല യോഗം നടന്നിരുന്നു.
ഇരവിപുരം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ നീളം വർദ്ധിപ്പിക്കുക, ഉയരം കൂട്ടുക, പ്ലാറ്റ് ഫോം നവീകരിക്കുക, സ്റ്റേഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കുക, സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണം, യാത്രക്കാർക്കുള്ള ഇതര സൗകര്യങ്ങൾ എന്നിവയാണ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. കൊല്ലം റയിൽവേ സ്റ്റേഷനിലെ ചൈനീസ് പാലസ് പൈതൃകം സംരക്ഷിക്കുന്ന തരത്തിൽ സമഗ്ര പുനരുദ്ധരാണം നടത്താൻ പുരാവസ്തു വാസ്തു ശില്പ കലയിൽ പ്രാമുഖ്യമുളള വിദഗ്ദ്ധരെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനീസ് പാലസ് പുനരുദ്ധരിക്കും.
കർബലയിൽ നിന്നു കൊല്ലം ശങ്കേഴ്‌സ് ആശുപത്രി റോഡിലേക്ക് കടക്കുന്ന റയിൽവേ ഫുട് ഓവർ ബ്രിഡ്ജ് സുരക്ഷതത്വത്തിന്റെ പേരിൽ അടച്ചിട്ടിരിക്കുകയാണ്. ഇതിന്റെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കി കാൽനട യാത്രക്കാർക്ക് തുറന്ന് കൊടുക്കും.യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡിവിഷണൽ റയിൽവേ മാനേജർ ഡോ: മനീഷ് താപ്ലയാൽ, അഡീഷണൽ ഡിവിഷണൽ റയിൽവേ മാനേജർ എം.ആർ. വിജി, സീനിയർ ഡിവിഷണൽ കോമേഴ്‌സ്യൽ മാനേജർ വൈ. സെൽവിൻ, സീനിയർ മെക്കാനിക്കൽ എൻജിനീയർ ആസ്താ സ്‌നേഹ, ഷെബി ടി.രാജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
റോഡ് ടാർ ചെയ്യും
പരവൂർ റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുളള റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കോർപ്പറേഷൻ അധികൃതരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊളളാമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു.
പെരിനാട് സ്റ്റേഷനിലെ അടിപ്പാത പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന തരത്തിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കും. സ്റ്റേഷനിലെ വരുമാനം വർദ്ധിപ്പിക്കുന്നതിന് അനുസൃതമായി ഘട്ടം ഘട്ടമായി സ്റ്റേഷൻ റൂഫീംഗ് പൂർത്തീകരിക്കും.