കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാനം നിർമ്മിക്കാൻ ലക്ഷ്യമിടുന്ന മുണ്ടയ്ക്കലിലെ ഭൂമിക്ക് സെന്റിന് 3.20 ലക്ഷം രൂപ നിശ്ചയിച്ച് സർക്കാരിന് ശുപാർശ ചെയ്യാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഈ ശുപാർശ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.

ഓപ്പൺ യൂണിവേഴ്സിറ്റി അധികൃതർ, റവന്യു ഉദ്യോഗസ്ഥർ, ഭൂവുടമ എന്നിവർ പങ്കെടുത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് വിലയിൽ ധാരണയായത്. മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമിയുടെ വില നിർണയിക്കാൻ ആദ്യം വില്ലേജ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്. വില്ലേജ് ഓഫീസർ സെന്ററിന് 2.25 ലക്ഷം രൂപ കണക്കാക്കി ആകെ 17.68 കോടിയാണ് നിശ്ചയിച്ചത്. ഇതിനെതിരെ കൂടുതൽ പ്രമാണങ്ങൾ സഹിതം ഭൂവുടമ പരാതി നൽകിയതോടെ തഹസിൽദാരെ വില നിർണയിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും അദ്ദേഹം വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ആവർത്തിച്ചു. ഇതോടെ കളക്ടർ ഡെപ്യൂട്ടി എൽ.എ, ഡെപ്യൂട്ടി കളക്ടർ, സ്പെഷ്യൽ തഹസിൽദാർ അടങ്ങുന്ന സംഘത്തെ നിയോഗിച്ചു. ഇവർ ഈ ഭൂമിക്ക് 30 കോടി വില നിശ്ചയിച്ചു. കളക്ടർ വീണ്ടും തഹസിൽദാരെ വിലനിർണയത്തിനായി ചുമതലപ്പെടുത്തിയെങ്കിലും റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ല. ഇതോടെ വില്ലേജ് ഓഫീസറുടെയും പുതിയ സംഘത്തിന്റെയും വില നിർണയ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് സെന്ററിന് 3.20 ലക്ഷം നൽകാൻ ധാരണയായത്. യോഗത്തിൽ ഭൂവുടമ 3.75 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ജില്ലാ ഭരണകൂടത്തിന്റെ ശുപാർശ സർക്കാർ അതേപടി അംഗീകരിക്കുകയോ വിലയിൽ കുറവ് വരുത്തുകയോ ചെയ്യും. ആ തുകയ്ക്ക് ഭൂമി വാങ്ങാൻ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അനുമതി നൽകും. ഭൂമി വാങ്ങാൻ 35 കോടി രൂപ സർക്കാർ നേരത്തെ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അനുവദിച്ചിട്ടുണ്ട്.