rode-
ഇടക്കുളങ്ങര മാമൂട് ജംഗ്ഷനിലെ കുഴികളിൽ യാത്രക്കാർ വീഴുന്നു

തൊടിയൂർ: ഇടക്കുളങ്ങര- മാമൂട് ജംഗ്ഷൻ റോഡ് തകർന്ന് റോഡിൽ നിറയെ കുഴികളായി. യാത്രക്കാർ വാഹനങ്ങളുമായി കുഴികളിൽ വീഴുന്നത് പതിവായി. ഇന്നലെ രാവിലെ ഇരുചക്രവാഹനത്തിൽ മകളുമായി സ്കൂളിലേക്ക് പോയ വീട്ടമ്മ കുട്ടിയോടൊപ്പം കുഴിയിൽ വീണു പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.

തിരക്കേറിയ റോഡ്

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ, എഫ്.സി.ഐ ഡിപ്പോ, കരുനാഗപ്പള്ളി മാർക്കറ്റ്, ടൗൺ,

കരുനാഗപ്പള്ളിയിലെ കേളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങി ഒട്ടേറെ ഇടങ്ങളിലേയ്ക്ക് നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നു പോകുന്നത്.

മാമൂട് ജംഗ്ഷൻ (റെയിൽവേ സ്‌റ്റേഷൻ) - ചൂളൂർ ജംഗ്ഷൻ റോഡ് ആരംഭിക്കുന്ന മാമൂട് ജംഗ്ഷന് തൊട്ടു കിഴക്കുവശത്താണ് റോഡ് തകർന്ന് അപകടകരമായ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.

സഞ്ചാരയോഗ്യമാക്കണം

ഒന്നേകാൽ കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ചൂളൂർ ജംഗ്ഷൻ മുതൽ പള്ളത്ത് കാട്ടിൽ മുക്ക് വരെയുള്ള ഭാഗങ്ങൾ ഒരു വർഷം മുമ്പ് കോൺക്രീറ്റ് ചെയ്തും ഇന്റർലോക്ക് പാകിയും നന്നാക്കിയിരുന്നു. എന്നാൽ പള്ളത്ത് കാട്ടിൽ ജംഗ്ഷൻ മുതൽ മാമൂട് ജംഗ്ഷൻ വരെയുള്ള തകർന്ന ഭാഗങ്ങളിൽ പണികൾ നടത്തിയിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ റോഡ്. തുലാവർഷം ആരംഭിക്കുന്നതോടെ വീണ്ടും കുഴികളിൽ വെള്ളം നിറയുകയും അപകടങ്ങൾ അവർത്തിക്കുകയും ചെയ്യാൻ സാദ്ധ്യതയുണ്ട്. അതിന് മുമ്പായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വളരെയേറെ തിരക്കുള്ള ഈ റോഡിലെ കുഴികൾ തുടർച്ചയായി അപകടങ്ങൾക്കിടയാക്കുന്നു. വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും റോഡിലെ കുഴികളിൽ വീണ് പരിക്കേറ്റിട്ടുണ്ട്. ഇതാവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

എ.സുനിൽകുമാർ

(പൊതു പ്രവർത്തകൻ)