photo
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് കിഴക്ക് വശം കുളമായി മാറിയ ദേശീയപാത.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ നവീകരണം നടക്കുന്ന ദേശീയപാത അപകടക്കെണിയായി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് അകടത്തിന് കാരണമാകുന്നത്. ലാലാജി ജംഗ്ഷൻ മുതൽ വടക്കോട്ട് നിലവിലുള്ള ദേശീയപാതയുടെ പടിഞ്ഞാറ് വശത്താണ് പൈലിംഗ് നടക്കുന്നത്. സർവീസ് റോഡുകളുടെയും ഓടകളുടെയും നിർമ്മാണം പൂർത്തിയാക്കാതെയാണ് പൈലിംഗ് നിർമ്മാണം ആരംഭിച്ചത്. അതിനാൽ കുണ്ടിലും കുഴിയിലും കൂടി നടന്ന് പോകുന്ന കാൽനട യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്.

റോഡ് കുളമായി

കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് കിഴക്ക് വശം റോഡ് കുളമായി മാറി. ശക്തമായി പെയ്യുന്ന മഴയിലാണ് റോഡ് വെള്ളക്കെട്ടായത്. പൊലീസ് സ്റ്റേഷന് കിഴക്ക് വശമുള്ള ഓടയുടെ മീതേകൂടിയാണ് യാത്രക്കാർ ഇപ്പോൾ നടന്ന് പോകുന്നത്. അപകടം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിയാൽ ഭാഗ്യം. ഓടയിലൂടെ നടക്കുമ്പോൾ എതിരെ ആള് വന്നാൽ മറിഞ്ഞ് ചെളിവെള്ളത്തിൽ വീഴുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ ദിവസം ഓടയിലൂടെ നടന്ന് പോയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരാണ് ചെളിവെള്ളത്തിൽ വീണത്. ശരീരത്തിന്റെ അരഭാഗം വരെ താഴ്ന്ന് പോയ ഇവരെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

ഓടകളിലേക്ക് ചാടിച്ചാടി...

ഓടകൾ തമ്മിൽ ബന്ധിപ്പിക്കാത്തതിനാൽ നടന്ന് പോകുന്നവർ ചാടി വേണം അടുത്ത ഓടയിലേക്ക് കടക്കാൻ. ചാട്ടം തെറ്റിയാൽ അപകടം ഉറപ്പാണ്. സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന പല ഇടങ്ങളിലും സർവീസ് റോഡുകളുടെയും ഓടകളുടെയും പണി ആദ്യമേ തന്നെ പൂർത്തീകരിക്കും. പണി നടക്കുന്ന സ്ഥലങ്ങളിൽ അപകടത്തിന് സാദ്ധ്യതയുണ്ടെങ്കിൽ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കും. കരുനാഗപ്പള്ളി ടൗണിൽ അത്തരം സംവിധാനങ്ങൾ പരിമിതമാണ്.