 
തഴവ: തഴവ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം താത്കാലികമായി അടിസ്ഥാന സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് സി.ആർ.മഹേഷ് എം.എൽ.എ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. ഇതോടെ വിദ്യാർത്ഥികൾ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് ഒത്തുതീർപ്പായി. സമരത്തെ തുടർന്ന് കോളേജിൽ എത്തിയ എം.എൽ.എ അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ ,രക്ഷകർതൃസമിതി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ നവംബർ 12ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ മീറ്റിംഗ് വിളിക്കുവാനും നിലവിൽ പ്രവർത്തിക്കുന്ന കോളേജ് കെട്ടിടത്തിലെ സുരക്ഷിതത്വമില്ലായ്മയും കുട്ടികളിൽ ഉണ്ടായിരിക്കുന്ന ഭയവും ആശങ്കയും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും ധരിപ്പിക്കുവാനും ധാരണയായി. കിറ്റ്‌കോ കോളേജ് കെട്ടിടത്തിന്റെ ഏറ്റവും പുതിയ തിരുത്തിയ എസ്റ്റിമേറ്റ് ഒക്ടോബർ അവസാനത്തോടെ സമർപ്പിക്കും. ഇതോടൊപ്പം ആവശ്യമായ എല്ലാ തിരുത്തലുകളും ഉൾപ്പെടുത്തി, കിഫ്ബിയിൽ നിന്നുള്ള പുതുക്കിയ ധാനകാര്യ അനുമതി നേടിയ ശേഷം ടി.എസ് അംഗീകാരം നവംബർ അവസാനത്തോടെ ലഭിക്കുമെന്നും ഇതോടെ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും കിഫ്ബിയിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും എം.എൽ. എ പറഞ്ഞു.