ഓയൂർ : ഓയൂർ ഡിസ്ട്രിബ്യൂട്ടറി കെ.ഐ.പി കനാൽ കാടുകയറി കിടക്കുന്നു. സ്ഥലത്ത് ഇഴ ജന്തുക്കളുടെ ഉപദ്രവവുമുണ്ട്. പരിസരവാസികളുടെ സ്വൈര ജീവിതം താറുമാറാക്കിയിരിക്കുകയാണ്. സ്കൂൾ കുട്ടികൾക്കും കശുഅണ്ടി തൊഴിലാളികൾ, ആയുർവേദ ആശുപത്രിയിൽ വരുന്നവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇതുവഴി വാഹനങ്ങളിലും കാൽ നടയായായും യാത്ര ചെയ്യുന്നത്. വളരെ വലിയ തോതിൽ കാട് നിറഞ്ഞതിനാൽ ഇതു വഴിയുള്ളയാത്ര ദുർഘടമായി. പഞ്ചായത്തിൽ പരാതിനൽകിയിട്ടും പരിഹാരമില്ല. പ്രദേശവാസികളും റസിഡൻസ് അസോസിയേഷനും സംയുക്തമായി പഞ്ചായത്ത് ഉപരോധം ഉൾപ്പെടെയുള്ള പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
യാത്രാദുരിതം
കനാൽ വഴിയുടെ ഇരുവശവും ജല പദ്ധതിക്ക് കുഴിയെടുത്ത് ഇടിഞ്ഞു താണ് കിടക്കുന്നു. വാഹന യാത്രക്കാർക്കും മരണ ഭയത്തോടെ അല്ലാതെ യാത്ര ചെയ്യാൻ കഴിയുന്നില്ല. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ഇതിലൊന്നും ഇടപെടുന്നതേയില്ല. എം.ജി.ആർ.എ മാസങ്ങൾക്ക് മുൻപ് പഞ്ചായത്തിൽ പരാതി നൽകി കാത്തിരിക്കുകയാണ്.
കൊക്കാട് നിവാസികൾക്ക് ആശങ്കയില്ലാതെ സഞ്ചരിക്കുവാൻ കഴിയണം. വളരെ കഷ്ടമാണ് ഇവിടുത്തെ അവസ്ഥ.
നാട്ടുകാർ