
കൊല്ലം: എസ്.എൻ കോളേജിന് സമീപത്തെ ശാരദാമഠത്തിന് എതിർ വശത്തുള്ള റോഡിൽ മാലിന്യങ്ങൾ കുന്നുകൂടി ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
ശാരരദാമഠത്തിന് എതിർവശത്തെ കിയോസ്‌ക്കിന് സമീപത്താണ് മാലിന്യനിക്ഷേപം. ഭക്ഷണാവശിഷ്ടങ്ങൾ, ആശുപത്രി മാലിന്യങ്ങൾ, പ്ലാസ്റ്റിക് ഉൾപ്പെടെയാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക്ക് കവറിലും ചാക്കിലും കെട്ടി മാലിന്യങ്ങൾ തള്ളുന്നു. എസ്.എൻ കോളേജ്, എസ്.എൻ വനിതാകോളേജ്, എസ്.എൻ ലാ കോളേജ്, ഫാത്തിമ കോളേജ്, ക്രിസ്തുരാജ് സ്‌കൂൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ കടന്നു പോകുന്നത് ഇതുവഴിയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും സമീപത്തുണ്ട്. ഓരോദിവസവും മാലിന്യ നിക്ഷേപം വർദ്ധിക്കുകയാണെന്ന് പ്രദേശവവാസികൾ പറയുന്നു.
യാത്രികർക്ക് മൂക്ക് പൊത്താതെ ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്. രാത്രിയിലാണ് മാലിന്യങ്ങൾ കൂടുതലായി തള്ളുന്നത്. എത്രയും വേഗം ഇവിടെ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഒഴിയാതെ പകർച്ചവ്യാധി
നഗരത്തിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഭാഗമാണ് ശാരദമഠത്തിന് സമീപം. ഇവിടത്തെ മാലിന്യ നിക്ഷേപം പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മഴസമയത്ത് കെട്ടിക്കിടക്കുന്ന മാലിന്യത്തിലേക്ക് വെള്ളം കയറി ജീർണ്ണിക്കും. ഇത് കൊതുകുകൾ വളരാനും എലിപ്പനി ഉൾപ്പെടെയുളള രോഗങ്ങൾ വ്യാപിക്കാനും കാരണമാകും. രൂക്ഷമായ ഗന്ധം മൂലം സമീപത്തെ വീട്ടുകാർ വല്ലാത്ത ദുരിതത്തിലാണ്. തെരുവ് നായ ശല്ല്യവും വർദ്ധിച്ചിട്ടുണ്ട്.
മാലിന്യ നിക്ഷേപം നീക്കം ചെയ്യും. തുടർന്നും ഇവ നിക്ഷേപിക്കാതിരിക്കാൻ നടപടി സ്വീകരിക്കുംകോർപ്പറേഷൻ അധികൃതർ