photo
കൊട്ടാരക്കര ചന്തമുക്കിലെ കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചപ്പോൾ

കൊട്ടാരക്കര: ചന്തമുക്കിലെ വെയിറ്രിംഗ് ഷെഡിന്റെ ശനിദശ മാറി. പാനലിംഗ് ഉൾപ്പടെ നടത്തിയപ്പോൾ പുതുമോടി. കൊട്ടാരക്കര റോട്ടറി ക്ളബ്ബാണ് വെയിറ്രിംഗ് ഷെഡ് നവീകരിച്ചത്. ചന്തമുക്കിൽ ചന്തയുടെ പ്രവേശന കവാടത്തിന് മുന്നിലായി പതിറ്റാണ്ടുകൾക്ക് മുൻപ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചതും റോട്ടറി ക്ളബ്ബായിരുന്നു. തകർച്ചയിലായ വെയിറ്റിംഗ് ഷെഡിനെപ്പറ്റിയും പകലും രാത്രിയും ഇവിടെ യാത്രക്കാർക്ക് ഇടമില്ലാത്ത അവസ്ഥയുമൊക്കെ ചൂണ്ടിക്കാട്ടി 'ചന്തമുക്കിലെ വെയിറ്റിംഗ് ഷെഡിൽ യാത്രക്കാർക്ക് ഇടമില്ല' എന്ന തലക്കെട്ടോടെ ആഗസ്റ്റ് 4ന് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് നഗരസഭ വെയിറ്റിംഗ് ഷെഡ് നവീകരിക്കാൻ ആലോചന നടത്തിയപ്പോഴാണ് റോട്ടറി ക്ളബ്ബ് ആ ചുമതല ഏറ്റെടുത്തത്. തുടർന്ന് നിലവിലുള്ള വെയിറ്റിംഗ് ഷെഡ് പുറത്ത് കാണാത്തവിധം പാനലിംഗ് നടത്തി, പുതിയ പൈപ്പ് തൂണുകൾ സ്ഥാപിച്ച് നവീകരിച്ചു.

യാത്രക്കാർക്ക് ഇടം വേണം

പകൽനേരങ്ങളിൽ വെയിറ്റിംഗ് ഷെഡിൽ ചെരിപ്പും കുടയും നന്നാക്കലും ചെറുകിട കച്ചവടവുമുണ്ട്. രാത്രിയായാൽ തട്ടുകടയും! പെരുമഴയത്തുപോലും യാത്രക്കാർക്ക് കയറി നിൽക്കാനും ഇരിക്കാനും ഇടമില്ലാത്ത സ്ഥിതി തുടരുകയാണ്. താലൂക്ക് ആശുപത്രിയും ചന്തയുമടക്കമുള്ള ഏറ്റവും തിരക്കേറിയ ഭാഗമായിട്ടും ചന്തമുക്കിൽ മറ്റൊരിടത്തും വെയിറ്റിംഗ് ഷെഡ് ഇല്ല.