 
കന്നുകാലികളുടെ കണക്കെടുപ്പിന് ജില്ലയിൽ തുടക്കം
കൊല്ലം: ജില്ലയിൽ നാലുമാസം നീണ്ടുനിൽക്കുന്ന കന്നുകാലി സെൻസസിന് തുടക്കമായി. അഞ്ചുവർഷം കൂടുമ്പോഴാണ് രാജ്യത്ത് കന്നുകാലി കാനേഷുമാരി നടക്കുന്നത്. കൊല്ലം ബിഷപ്പ് ഹൗസിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി സെൻസസിന് തുടക്കം കുറിച്ചു.
പശു ഉണ്ടോ എന്ന് അന്വേഷിച്ച് കുടുംബശ്രീയുടെ 'പശുസഖി 'മാർ ഇന്നുമുതൽ വീടുകളിൽ എത്തും. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കുടുംബശ്രീയുടെ മൃഗസംരക്ഷണ പദ്ധതികൾ ഊർജിതമാക്കാൻ പ്രവർത്തിക്കുന്ന 299 പശുസഖിമാരാണ് എന്യൂമറേറ്റർമാർ. കന്നുകാലികൾ, വളർത്തു പക്ഷികൾ, അരുമമൃഗങ്ങൾ, പക്ഷികൾ, മറ്റ് വളർത്തു മൃഗങ്ങൾ എന്നിവയുടെ എണ്ണം, ഇനം, പ്രായം ,ലിംഗം എന്നിങ്ങനെയുള്ള വിവരങ്ങൾ സെൻസസിലൂടെ ശേഖരിക്കും. മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന കർഷകരുടെയും വനിതാ സംരംഭകരുടെയും എണ്ണം, ഗാർഹിക ഗാർഹികേതര സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കുകൾ എന്നിവയും ശേഖരിക്കുന്നുണ്ട്. അറവുശാലകൾ, മാംസ സംസ്കരണ പ്ലാന്റുകൾ എന്നിവയുടെയും കണക്കെടുക്കും. 1919ൽ തുടങ്ങിയ കന്നുകാലി സെൻസസിന്റെ 21-ാമത്തെ ഭാഗമാണ് ഇപ്പോൾ നടക്കുന്നത്. ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി, ഫാ. ജോളി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.എൽ അജിത്ത്, ഡോ വിഷ്ണുദത്ത് നാദിർഷ, ബീന, അമ്പിളി, എസ്. റിജു എന്നിവർ പങ്കെടുത്തു