palam
തെരുവ് വിളക്കുകൾ കത്താത്തതിനെതുടർന്ന് ഇരുട്ടിലായ ചിന്നക്കട മേൽപ്പാലം


കൊല്ലം: നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് എത്താൻ യാത്രക്കാർ ആശ്രയിക്കുന്ന ചിന്നക്കട മേൽപ്പാലത്തിലെ വൈദ്യുതി വിളക്കുകൾ മിഴിയടച്ച് ഒരാഴ്ചയായിട്ടും നടപടിയി​ല്ല. കഴിഞ്ഞ ജൂണിൽ അറ്റകുറ്റപ്പണി നടത്തിയ വിളക്കുകളാണ് വീണ്ടും കേടായത്.

പാലത്തിന്റെ ഇരുവശത്തുമായി​ 25 വൈദ്യുതി വിളക്കുകളാണുള്ളത്. ഇതൊന്നും തെളി​യുന്നി​ല്ല. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ചിന്നക്കടയിലേക്കും തിരിച്ചും പോകുന്നവരും തി​രുവനന്തപുരത്തേക്കുള്ളവരും ചിന്നക്കട മേൽപ്പാലത്തെ ആശ്രയിക്കുന്നു. ഏറെ തിരക്കുള്ള ഇവിടെ സന്ധ്യ കഴിഞ്ഞാൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചം മാത്രമാണ് ആശ്രയം. ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. തെരുവു വിളക്കുകൾ പൂർണമായി എൽ.ഇ.ഡിയാക്കുമെന്ന പ്രഖ്യാപനവും നിലാവ് പദ്ധതിയുമൊക്കെ വന്നെങ്കിലും ചിന്നക്കട മേൽപ്പാലത്തിലെ ഇരുളകന്നിട്ടില്ല. പാലത്തിലെ വിളക്കുകൾ കത്താതായതോടെ ഇവി​ടെ നിന്ന് താഴേക്ക് മാലിന്യം തള്ളുന്നത് വർദ്ധിച്ചിരിക്കുകയാണ്.കാടുകയറി കിടക്കുന്ന ചീനക്കൊട്ടാരത്തിന്റെ ഭാഗത്താണ് കൂടുതലായി മാലിന്യം തള്ളുന്നത്.

പാലത്തിലെ വിളക്കുകളുടെ അറ്റകുറ്റപ്പണികൾ കോർപ്പറേഷന്റെ ചുമതലയാണെങ്കിലും ഇവ യഥാസമയത്ത് പ്രകാശിപ്പിക്കേണ്ട ഉത്തരവാദിത്വവും പരിപാലിക്കേണ്ട ചുമതലയും കെ.എസ്.ഇ.ബിക്കാണ്. വെളിച്ചമില്ലാത്ത പാലത്തിൽ തമ്പടിക്കുന്ന സമൂഹിക വിരുദ്ധർ പാലത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ അസഭ്യം പറയുന്നതും ശല്യം ചെയ്യുന്നതും പതിവായിരിക്കുകയാണ്. എത്രയും വേഗം പാലത്തിലെ വിളക്കുകൾ പ്രകാശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

സൂക്ഷി​ച്ചാൽ ദു:ഖി​ക്കേണ്ട!

മേൽപ്പാലത്തിലെ നടപ്പാതയിലൂടെ നടക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കുഴികളിൽ വീഴുന്ന അവസ്ഥയാണ് നിലവിലുള്ളത്. നടപ്പാതയിലെ ഭൂരിഭാഗം സ്ലാബുകളും തകരുകയോ വിള്ളൽ വീഴുകയോ ചെയ്തിട്ടുണ്ട്. പകൽ പോലും ഇവിടെ അപകടസാദ്ധ്യത ഏറെയാണ്.

സന്ധ്യമയങ്ങിയാൽ വെളിച്ചമില്ലാത്തതിനാൽ നടപ്പാതയിലൂടെയുള്ള യാത്ര അത്യന്തം ദുഷ്കരമാണ്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിലും മൊബൈൽ ഫ്‌ളാഷിന്റെ വെളിച്ചത്തിലുമാണ് പാലം കടക്കുന്നത്.

സാമൂഹ്യവിരുദ്ധരും

രാത്രി വൈകി ജോലികഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ നിന്നു ചിന്നക്കട ബസ് സ്റ്റാൻഡിലേക്ക് പോകാനും മറ്റുമായി നിരവധി സ്ത്രീകളാണ് പാലം വഴി കാൽനടയായി യാത്രചെയ്യുന്നത്. വെളിച്ചമില്ലാത്ത പാലത്തിൽ തമ്പടിക്കുന്ന സമൂഹ്യവിരുദ്ധർ നടന്നുപോകുന്ന സ്ത്രീകളെ അസഭ്യം പറയുന്നതും ശല്യം ചെയ്യുന്നതും പതിവായിരിക്കുകയാണ്.


പാലത്തിലെ വിളക്കുകൾ കത്താത്തതുമായി ബന്ധപ്പെട്ടുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തകരാർ പരിഹരിക്കാൻ കോർപ്പറേഷൻ ഇലക്ട്രിക്കൽ വിഭാഗത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കോർപ്പറേഷൻ അധികൃതർ