കൊല്ലം: ട്യൂഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലേക്ക് പോവാൻ ഓട്ടോറിക്ഷയിൽ കയറിയ രണ്ടു പ്ളസ്ടു വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ. ഓടുന്ന വണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ ഒരു പെൺകുട്ടിക്ക് പരിക്കേറ്റു. പൈനുംമൂട് വിവേകാനന്ദ നഗർ പുളിംകാലത്ത് കിഴക്കതിൽ നവാസിനെയാണ് (52) കൊല്ലം ഈസ്റ്റ് പൊലീസിന്റെ അറസ്റ്റ് ചെയ്തത്.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോളേജ് ജംഗ്ഷന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ചെമ്മാമുക്കിലാണ് സംഭവം. വിമലഹൃദയ സ്കൂളിലെ വിദ്യാർത്ഥിനികളായ ഇരുവരും സമീപത്തുള്ള ട്യൂഷൻ സെന്ററിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓട്ടോസ്റ്റാൻഡിലെത്തിയപ്പോൾ വണ്ടികൾ ഒന്നും ഇല്ലായിരുന്നു. ഈ സമയം കാലിയായി വന്ന ഓട്ടോറിക്ഷയിൽ കയറി അമ്മൻനട ഭാഗത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. മെയിൻ റോഡിൽ കൂടി പോകാതെ വിമലഹൃദയസ്കൂളിന് പിന്നിലെ ഇടവഴിയിലൂടെയാണ് ഓട്ടോറിക്ഷ പോയത്. ഇത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ ഇരുവരോടും ദേഷ്യപ്പെടുകയും മോശം ഭാഷയിൽ സംസാരിക്കുകയും വാഹനത്തിന്റെ വേഗം കൂട്ടുകയും ചെയ്തു. നിലവിളിച്ചെങ്കിലും സമീപത്ത് ആളുകൾ ഉണ്ടായിരുന്നില്ല. ഇതിനിടയിൽ വിദ്യാർത്ഥിനികളിൽ ഒരാൾ പുറത്തേക്ക് ചാടി. കുറച്ചുമാറി ഓട്ടോറിക്ഷ നിറുത്തിയപ്പോൾ രണ്ടാമത്തെയാളും പുറത്തിറങ്ങി രക്ഷപ്പെട്ടു. ഇതോടെ ഡ്രൈവർ ഓട്ടോറിക്ഷയുമായി കടന്നു. വിദ്യാർത്ഥിനികൾ വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിച്ചു. ചാടിയിറങ്ങിയപ്പോൾ കൈയ്ക്കും തോളിനും പരിക്കേറ്റ ആശ്രാമം സ്വദേശിയായ വിദ്യാർത്ഥിനി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ പൊലീസ് പിടികൂടി. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് ആരോപണമെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സി.പി.ഒമാരായ അജയകുമാർ, അനു ആർ.നാഥ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.