കൊല്ലം: ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ ക്രിയേറ്റീവ് കോർണറുകളായി മാറാനൊരുങ്ങുന്നു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നതാണ് ക്രിയേറ്റീവ് കോർണറുകളുടെ ലക്ഷ്യം.
ജില്ലയിൽ 21 സ്‌കൂളുകളിലാണ് കോർണർ സ്ഥാപിക്കുക. പൊതു വിദ്യാഭ്യാസവകുപ്പ് സമഗ്രശിഷാ കേരളയുടെ സ്റ്റാർസ് പദ്ധതി വഴിയാണ് ഇവ സ്ഥാപിക്കുന്നത്. ഒരു ക്ലാസ് മുറിയിൽ 20 കുട്ടികൾ വരെയാണുണ്ടാവുക. സംസ്ഥാനത്ത് 600 സ്‌കൂളുകളിലാണ് ഇത്തരം കോർണറുകൾ സൃഷ്ടിക്കുന്നത്. ഫാഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, വയറിംഗ്, പ്ലംബിംഗ്, വുഡ് ഡിസൈനിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ യു.പി സ്‌കൂൾ കുട്ടികളെ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. അഞ്ചൽ, ചവറ, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര, കുളക്കട, കുണ്ടറ, പുനലൂർ, വെളിയം എന്നിവിടങ്ങളിൽ രണ്ടും ചടയമംഗലം, ചാത്തന്നൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് ക്രിയേറ്റീവ് കോർണറുകൾ. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.