 
 13കോടി ചെലവിൽ
പുനലൂർ: നാശത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ 13കോടിയോളം ചെലവഴിച്ച് ഹൈടെക് മാംസ സംസ്കരണ പ്ലാന്റും അറവ് ശാലയും നിർമ്മിക്കുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം അടുത്ത മാസം നടക്കും. 8 മാസത്തിനുള്ളിൽ നിർമ്മാണ ജോലികൾ പൂർത്തിയാക്കും. കർണ്ണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എം.ആർ.ഫാറംസിനാണ് നിർമ്മാണച്ചുമതല. അടുത്ത ജൂലായിൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. പദ്ധതിയോടനുബന്ധിച്ച് അറവ് മാലിന്യം പൊടിക്കുന്ന റന്റിംഗ് പ്ലാന്റും മലിന ജലം ശുദ്ധീകരിക്കുന്ന പ്ലാന്റും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. നിർമ്മാണ ജോലികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത, വൈസ് ചെയർമൻ രഞ്ജിത്ത് രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.പി.എ.അനസ്, വസന്തരഞ്ചൻ, ബിനോയ് രാജൻ, എം.ആർ.ഫാം ഡയറക്ടർ സി.ആർ.മനോജ് കുമർ,കൗൺസിലർമാരായ അരവിന്ദാക്ഷൻ, അജി ആന്റണി തുടങ്ങിയവർ ശ്രീരാമപുരം മാർക്കറ്റ് സന്ദർശിക്കുകയും പദ്ധതിയെ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.