കൊല്ലം: അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ കാരണമറിയാനും കൂടുതൽ പരിശോധനകൾക്കുമായി കൊച്ചിയിൽ നിന്നുള്ള കുഫോസ് സംഘം ( കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് ) ഇന്ന് കടവൂർ , മങ്ങാട്, കണ്ടച്ചിറ ഭാഗങ്ങളിലെത്തും.

ഇന്നലെ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സ്ഥലത്തെ സാമ്പിളുകൾ ഫിഷറീസ് വകുപ്പ് അധികൃതർ കുഫോസിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇവരിൽ നിന്ന് കുഫോസ് അധികൃതർ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാകും പരിശോധനയ്‌ക്കെത്തുന്നത്. രാവിലെ 11ന് എത്തുന്ന സംഘം വെള്ളത്തിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകൾ ശേഖരി​ക്കൽ, മറ്റ് പരിശോധനകൾ എന്നിവ നടത്തും. ഇവയുടെ റിപ്പോർട്ട് കൂടി വിലയിരുത്തിയാകും തുടർ പഠനം നടത്തുക.

ഫിഷറീസ് വകുപ്പ് നൽകിയ സാമ്പിളുകളുടെയും കുഫോസ് സംഘം നടത്തിയ പഠനത്തിന്റെയും ഫലം ലഭ്യമായെങ്കി​ൽ മാത്രമേ മത്സ്യങ്ങൾ ചത്ത് പൊങ്ങാനുണ്ടായ സാഹചര്യം വ്യക്തമാകുവെന്ന് അധികൃതർ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിലെ ഫലം ലഭിക്കും. ഫിഷറീസ് ജില്ലാ ഓഫീസർ രമേശ് ശശിധരൻ, ഹെഡ്ക്വാർട്ടേഴ്‌സ് ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ പോൾ രാജൻ, ഫിഷറീസ് ഓഫീസർ നിഷ എലിസബത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്.