കൊല്ലം: ഉത്തരവാദിത്വ നിർവഹണത്തിന്റെ പേരിൽ തിരക്കിട്ട് ഓടിനടന്ന് പലതും വാരിവലിച്ചു ചെയ്യുന്നത് ശരിയല്ലെന്നും കടമകൾ സാവകാശമെടുത്ത് ആലോചിച്ചു കണ്ടെത്തണമെന്നും സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. മറ്റുള്ളവർക്കുതകി ജീവിക്കുന്നത് സഫലമാവണമെങ്കിൽ അവരവർക്ക് വേണ്ടതെന്തെന്നും കണ്ടെത്തണം. ഇതു രണ്ടും കൂട്ടിയിണക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്നും അസ്വസ്ഥത വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരാളെ അതിരുവിട്ട് അപമാനിക്കുന്നത് കൊലപാതകത്തേക്കാൾ കഠിനമായേക്കാം. പരിഹാസശരങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ തകർന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ആത്മ ബഹുമാനവും സ്നേഹവും പുലർത്താൻ ജാഗ്രതയുണ്ടാവണം. ആത്മനിന്ദയുള്ളവർ ആക്ഷേപങ്ങളിലും ആരോപണങ്ങളിലും പെട്ടെന്ന് തളർന്നു പോവും. ശാരീരിക തലത്തിലേൽക്കുന്ന ക്ഷതങ്ങളെ മനക്കരുത്തു കൊണ്ട് പലരും അതിജീവിക്കാറുണ്ട്. ഇതു പോലെ മാനസിക പ്രയാസങ്ങളെയും മാറി നിന്ന് വീക്ഷിക്കാനും മറികടക്കാനും ഉൾക്കരുത്തുണർത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നും വൈകിട്ട് 6 മുതൽ 7 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിലാണ് പ്രഭാഷണം.