പത്തനാപുരം: മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ ടി.പി.മാധവന് ചലച്ചിത്രമേഖല അർഹമായ യാത്രയയപ്പ് നൽകിയോ എന്ന് ചിന്തിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. നടനും ഗാന്ധിഭവനിലെ അന്തേവാസിയുമായിരുന്ന ടി.പി.മാധവന്റെ പതിനാറാം ചരമദിനത്തിൽ ഗാന്ധിഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ആദ്യത്തെ ജനറൽ സെക്രട്ടറി കൂടിയായിരുന്ന അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽ ഉണ്ടാകേണ്ടിയിരുന്ന പ്രാതിനിധ്യവും പരിഗണനയും കണ്ടില്ല.
അതേസമയം ഗാന്ധിഭവന്റെ നേതൃത്വത്തിൽ നിരവധിപേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
വനിതാ കമ്മിഷൻ മുൻ അംഗവും ഗാന്ധിഭവൻ ചെയർപേഴ്സണുമായ ഡോ. ഷാഹിദാ കമാൽ അദ്ധ്യക്ഷയായി. സംവിധായകനും നിരൂപകനമായ ശാന്തിവിള ദിനേശ്, ചലച്ചിത്ര നടി ശ്രീലത നമ്പൂതിരി എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ബി. ശശികുമാർ, സന്തോഷ് ജി. നാഥ്, ബി. മോഹനൻ എന്നിവർ സംസാരിച്ചു.
ടി.പി. മാധവന്റെ സഹോദരിമാരായ ഇന്ദിരാ നായർ, കല്യാണി ഉണ്ണിത്താൻ, പത്മജ രാധാകൃഷ്ണൻ, കുടുംബാംഗങ്ങളായ ഡോ. സുകു ഉണ്ണിത്താൻ, ഡോ. ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.