പുനലൂർ: ശബരിമലയിൽ റോപ്പ് വേ നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം ഭൂമി കൊല്ലം പുനലൂർ താലൂക്കിൽ നിന്ന് ലഭ്യമാക്കാൻ നടപടിയാകുന്നു.കുളത്തൂപ്പുഴ വില്ലേജിലെ കട്ടിളപ്പാറപ്പാറയിൽ റീബിൽഡ് കേരളാ പദ്ധതി പ്രകാരമുള്ള റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനാണ് ആലോചന. തുടർനടപടികളുടെ ഭാഗമായി ഈ ഭൂമി പരിഹാര വനവല്ക്കരണത്തിന് അനുയോജ്യമാണോ എന്ന് കണ്ടെത്തി റിപ്പോർട്ട് നൽകാൻ ലാന്റ് റവന്യു കമ്മിഷണർ കൊല്ലം ജില്ലാ കളക്ടർക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നല്കി. 4. 5 ഹെക്ടർ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടി വരിക.നേരത്തെ ഇടുക്കി ചിന്നക്കനാലിലും കഞ്ഞിക്കുഴി ഭാഗത്ത് നിന്നും ഭൂമി കണ്ടെത്താൻ നടപടിയെടുത്തെങ്കിലും പലവിധ തടസങ്ങൾ കാരണം അവിടങ്ങളിൽ ഭൂമി കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എട്ടര വർഷം മുൻപാണ് റോപ്പ് വേ വിഭാവനം ചെയ്തതെങ്കിലും ഇപ്പോഴാണ് തുടർ നടപടികളായത്.

2.7 കിലോമീറ്റർ റോപ്പ് വേ

പമ്പ ഹിൽ ടോപ്പിൽ നിന്ന് ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം ഭാഗത്തെ പൊലീസ് ബാരക്കിന് പുറകിൽ റോപ്പ് വേ അവസാനിക്കും.

2.7 കിലോമീറ്റർ ദൂരമുള്ള ശബരിമല റോപ്പ് വേയ്ക്കായി അഞ്ച് ടവറുകളാണ് വേണ്ടത്.

അടിയന്തര സാഹചര്യങ്ങളിൽ അയ്യപ്പഭക്തർക്കും ഒപ്പം സാധനങ്ങൾ കൊണ്ടു പോകുന്നതിനും ഉള്ള സൗകര്യങ്ങൾക്ക് പുറമെ ഒരു എമർജൻസി കാബിൻ കൂടിയുണ്ടാകും

എയിറ്റീന്ത് സ്റ്റെപ്സ് ദാമോദർ കേബിൾ കാർ പ്രൈവറ്റ് ലിമിറ്റഡാണ് റോപ്പ് വേ നിർമ്മാണ ടെണ്ടർ എടുത്തിരിക്കുന്നത്.