കൊല്ലം :കശുഅണ്ടി വ്യവസായികളുടെ കിടപ്പാടവും ഫാക്ടറികളും ജപ്തി ചെയ്യുന്ന ബാങ്കുകളുടെ നടപടിക്കെതിരെ ഫെഡറേഷൻ ഒഫ് കാഷ്യു പ്രോസസേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്‌സ്, കാഷ്യു പ്രൊട്ടക്ഷൻ കൗൺസിൽ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റി ആസ്ഥാനത്ത് അനിശ്ചിതകാല സത്യാഗ്രഹം ഇന്ന് ആരംഭിക്കും. കശുഅണ്ടി മേഖലയിലെ ജപ്തി നടപടികൾ നിറുത്തി വയ്ക്കണമെന്നും നിഷ്ക്രിയ ആസ്തിയായ വായ്‌പകൾ പുനക്രമീകരിച്ച് പ്രശന പരിഹാരത്തിന് എസ്.എൽ.ബി.സി മുൻകൈ എടുക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം. സത്യാഗ്രഹത്തിൽ തൊഴിലാളികളും പങ്കെടുക്കും. രാവിലെ 10ന് ആർ.ബി.ഐയുടെ മുന്നിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം സ്പെൻസർ ജംഗ്ഷനിലുള്ള എസ്.എൽ.ബി.സി ആസ്ഥാനമായ കാനറാ ബാങ്ക് സർക്കിൾ ഓഫീസിന് മുന്നിൽ അവസാനിക്കും. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എം എൽ എമാരായ എം. നൗഷാദ്, വി. ജോയി, കെ.എസ്.സി.ഡി.സി ചെയർമാൻ എസ്. ജയമോഹൻ എന്നിവർ പങ്കെടുക്കും.