കൊല്ലം: കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയി​ൽ സംസ്ഥാനത്തുള്ള ഭൂമി​യി​ൽ, പൊതു-സ്വകാര്യ പങ്കാളി​ത്തത്തോടെ യാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള പദ്ധതികൾ നടപ്പാക്കും. ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്, ബോർഡ് യാർഡ്, ഷിപ്പ് യാർഡ്, വാട്ടർ സ്പോർട്സ് അടക്കമുള്ള ടൂറിസം പദ്ധതികൾളുമാണ് ആലോചനയി​ലുള്ളത്.

50 വർഷത്തേക്ക് വരെ ഭൂമി സ്വകാര്യ സംരംഭകർക്ക് നൽകും. ഭൂമി അളന്ന് തിട്ടപ്പെടുത്തിയശേഷം ഒരോ പ്രദേശത്തിന്റെയും സാദ്ധ്യതയ്ക്കനുസരിച്ച് താത്പര്യപത്രം ക്ഷണിക്കും. മാരിടൈം ബോർഡിന് വരുമാനത്തിന് പുറമേ സർക്കാരിന്റെ നികുതി വർദ്ധനവും പുതിയ തൊഴിലവസരങ്ങളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിൽ തുറമുഖങ്ങളുടെ ഭാഗമായുള്ള ഭൂമിയടക്കം നിലവിൽ റവന്യു വകുപ്പിന്റെ പേരിലാണ്. ഈ ഭൂമിയി​ൽ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് കരാർ ഒപ്പിടുമ്പോൾ തടസങ്ങളൊഴിവാക്കും. ഇതൊഴിവാക്കാൻ അളന്ന് തിട്ടപ്പെടുത്തി മാരിടൈം ബോർഡിന്റെ പേരിലേക്ക് മാറ്റും. ബോർഡിന്റെ ഭൂമി വ്യാപകമായി സർക്കാർ വകുപ്പുകളും വിവിധ സർക്കാർ ഏജൻസികളും വ്യക്തികളും കൈയേറിയിട്ടുണ്ട്.

വൈകാതെ മാരിടൈം ബോർഡിന്റെ ഭൂമി അളക്കും. പിന്നാലെ ഈ സ്ഥലങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾക്ക് താത്പര്യപത്രം ക്ഷണിക്കും

- എൻ.എസ്. പിള്ള, കേരള മാരിടൈം ബോർഡ് ചെയർമാൻ