കൊല്ലം: എസ്.എൻ കോളേജിന് സമീപത്തെ ശാരദാമഠത്തിന് എതിർവശത്തുള്ള റോഡിൽ കിയോസ്‌ക്കിന് സമീപം കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്തു. ആഴ്ചകളായി കൂടികിക്കിടന്ന മാലിന്യം ഞായറാഴ്ച രാവിലെ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലെത്തിയ സംഘം വൃത്തിയാക്കിയത്. മാലിന്യക്കൂമ്പാരം സംബന്ധിച്ച് 'കേരളകൗമുദി' കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഇവിടെ ഇനിയും മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എസ്.എൻ കോളേജ്, എസ്.എൻ വനിതാകോളേജ്, എസ്.എൻ ലാ കോളേജ്, ഫാത്തിമ കോളേജ്, ക്രിസ്തുരാജ് സ്‌കൂൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ കടന്നു പോകുന്ന വഴിയിലായിരുന്ന വലിയ തോതിലുള്ള മാലിന്യ നിക്ഷേപമുണ്ടായിരുന്നത്.

മൂക്ക് പൊത്താതെ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും കടന്നു പോകാനാകത്ത സ്ഥിതിയായിരുന്നു. രാത്രി സമയങ്ങളിലാണ് ഇവിടെ കൂടുതലായി മാലിന്യം തള്ളുന്നത്. ഇത് തടയാൻ കിയോസ്‌ക്കിന് സമീപത്ത് സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ സി.സി.ടി.വി സ്ഥാപിക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്.