സ്വകാര്യ പങ്കാളിത്തത്തിന് താത്പര്യപത്രം ക്ഷണിച്ച് മാരിടൈം ബോർഡ്
കൊല്ലം: സ്ഥലത്തിന്റെ ടൂറിസം സാദ്ധ്യത കൂടി പ്രയോജനപ്പെടുത്തും വിധം, നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിനെ സ്വകാര്യ പങ്കാളിത്തത്തോടെ അന്തർദേശീയ മാരിടൈം എഡ്യുക്കേഷൻ ഹബ്ബാക്കാൻ കേരള മാരിടൈം ബോർഡിന്റെ പദ്ധതി. ആഗോളതലത്തിലും രാജ്യത്തും ഷിപ്പിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ഈ നീക്കം.
നിർമ്മാണം പൂർണമായിട്ടില്ലെങ്കിലും അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താവുന്ന സൗകര്യങ്ങളാണ് നീണ്ടകര ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്. അഷ്ടമുടിക്കായലും കടലും ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്താം. യാനങ്ങൾ അടുപ്പിക്കാൻ വിശാലമായ വാർഫുള്ളതിനാൽ കടലിനെയും അഷ്ടമുടിക്കായലിനെയും ബന്ധിപ്പിച്ച് ക്രൂയിസ് സർവീസും വാട്ടർ സ്പോർട്സ് പദ്ധതികളും നടപ്പാക്കാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പദ്ധതി ഏറ്റെടുക്കുന്ന സ്വകാര്യ ഏജൻസി നിർവഹിക്കണം. താത്പര്യപത്രത്തിന്റെ സാദ്ധ്യതകൾ പരിശോധിച്ച് തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് 50 വർഷത്തേക്ക് വരെ സ്ഥലം വിട്ടുനൽകും.
നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്
 14.9 ഏക്കർ ഭൂമി
 അക്കാഡമിക് ബിൽഡിംഗ്
 അഡ്മിനിസ്ട്രേഷൻ ബിൽഡിംഗ്
 ഹോസ്റ്റൽ
 ക്യാന്റീൻ ബ്ലോക്ക്
 ലൈബ്രറി ഹാൾ
ലക്ഷ്യമിടുന്ന കോഴ്സുകളിൽ ചിലത്
 മറൈൻ എൻജിനിയറിംഗ്
 മാരിടൈം ലാ
 മറൈൻ ടെക്നോളജി
 നോട്ടിക്കൽ എൻജിനിയറിംഗ്
 നേവൽ ആർക്കിടെക്ചർ
 മാരിടൈം സെക്യൂരിറ്റി
 ഓഫ് ഷോർ എൻജിനിയറിംഗ്
 പോർട്ട് എൻജിനിയറിംഗ്
സർക്കാരിന്റ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടതാണ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വികസനം. ഇക്കഴിഞ്ഞ ബഡ്ജറ്റിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മികച്ച താത്പര്യപത്രവുമായി സംരംഭകർ എത്തിയാൽ വളരെ വേഗം പദ്ധതി യാഥാർത്ഥ്യമാകും
എൻ.എസ്. പിള്ള (കേരള മാരിടൈം ബോർഡ് ചെയർമാൻ)