ജില്ലയിൽ 50 പേർക്ക് പരിശീലനം നൽകും

കൊല്ലം: പട്ടികവർഗ്ഗ യുവതീ യുവാക്കളെ സംരംഭങ്ങളിലേക്ക് എത്തിക്കാനും അവരുടെ സൂക്ഷ്മ, ചെറുകിട സംരംഭക ആശയങ്ങൾക്ക് പിന്തുണയും പരിശീലനവും നൽകാനും കെ-ടിക് (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ് ആൻഡ് ഇന്നൊവേഷൻ സെന്റർ) പദ്ധതിയുമായി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷനുകൾ വഴി ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല, ചിതറ, പിറവന്തൂർ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ പഞ്ചായത്തുകളിലെ വീടുകളിൽ നിന്ന് പട്ടികവർഗ്ഗ യുവജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യഘട്ടം. പട്ടികജാതി-വർഗ വകുപ്പിനുകീഴിൽ രൂപീകരിച്ച കേരള എംപവർമെന്റ് സൊസൈറ്റി 'ഉന്നതി' വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. 18നും 35നും ഇടയിലുള്ളവരിൽ നിന്ന് താത്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പുകളായി തിരിച്ച് ആശയവിനിമയം നടത്തി കാര്യങ്ങൾ മനസിലാക്കും. തുടർന്ന് ഇവർക്ക് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പിന്നീട് ഇവരുടെ ഉള്ളിലുള്ള സംരംഭക ആശയങ്ങൾ വികസിപ്പിക്കാനാവശ്യമായ വർക്ക് ഷോപ്പുകൾ, പരിശീലനങ്ങൾ എന്നിവ നൽകും. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സംരംഭം ആരംഭിക്കാനുള്ള സാമ്പത്തിക സഹായം, പരിശീലന ക്ലാസുകൾ എന്നിവ ലഭ്യമാക്കും. സൂക്ഷ്മ, ചെറുകിട കച്ചവടങ്ങളിൽ ഏത് തിരഞ്ഞെടുക്കണം, എങ്ങനെ മാർക്കറ്റിൽ അവതരിപ്പിക്കണം എന്നതിനെക്കുറിച്ച് ശിൽപ്പശാലയിലുൾപ്പെടെ പരിശീലനം നൽകും. ജില്ലയിൽ നിന്ന് കുറഞ്ഞത് 50 പേരെയെങ്കിലും പട്ടികവർഗ വിഭാഗങ്ങളിൽ നിന്ന് സംരംഭങ്ങളിലേക്ക് എത്തിക്കണമെന്നതാണ് പദ്ധതിയുടെ ലഷ്യം.

സർവേ നടപടികൾ പൂർത്തിയായി

 യുവതി യുവാക്കൾക്ക് പരിശീലനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു

 ജില്ലയിലെ സി.ഡി.എസ് ചെയർപേഴ്‌സൺമാർ, അനിമേറ്റർ, അനിമേറ്റർ കോ- ഓർഡിനേറ്റർ, പഞ്ചായത്ത് സമിതി കോ-ഓർഡിനേറ്റർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

 യുവജനങ്ങൾക്ക് പുറമേ 35നും 45 നും ഇടയിലുള്ള പത്ത് ശതമാനം പേർക്കും കെ ടിക്കിൽ പങ്കാളികളാകാം