കൊല്ലം: ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങൾ കടന്നു വരുമ്പോൾ, അനുകൂലാനുഭവങ്ങളെ അഭിനന്ദിച്ച് അതിൽ നിന്നും പ്രചോദനം നേടാൻ ശ്രദ്ധിക്കണമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. പ്രതികൂലാനുഭവങ്ങളുടെ വേട്ടയാടലിൽ നിന്ന് മുക്തി നേടിയില്ലെങ്കിൽ വലിയ തോതിലുള്ള മാനസിക ഊർജ ചോർച്ച ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഭഗവദ് ഗീത രണ്ടാം അദ്ധ്യായത്തിലെ പ്രധാന ശ്ലോകങ്ങൾ വിശദീകരിച്ച് വ്യാസപ്രസാദം 24 വേദിയിൽ പതിനഞ്ചാം ദിന പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ആത്മാവിനെ ഉപദ്രവിക്കാൻ ആയുധങ്ങൾക്കോ അഗ്നിക്കോ ജലത്തിനോ കാറ്റിനോ ഒന്നും സാദ്ധ്യമല്ലെന്ന വസ്തുത ധ്യാനിച്ചുറപ്പിക്കണം. ദേഹത്തിനും മനസിനും ഏൽക്കുന്ന മുറിവുകൾ ആത്മാവിനെ ബാധിക്കുന്നതായി തെറ്റിദ്ധരിച്ചു പോവുന്നുവെന്നതാണ് അപകടം. മതിയായ കാരണങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നമ്മെ പ്രത്യക്ഷമായും പരോക്ഷമായും അലട്ടുന്ന ഭയാശങ്കകൾ ധാരാളമാണ്. മനോബുദ്ധികളെ സ്വാധീനിക്കുന്ന ഭയാശങ്കകൾ ഉത്സാഹത്തെ കെടുത്തിക്കളയും, പ്രവർത്തന ക്ഷമതയെ തകർക്കും.
ശരിയായ സ്വരൂപം ഉപദ്രവ രഹിതമാണെന്നറിഞ്ഞ് വിചാരാഭ്യാസം ചെയ്താൽ നല്ല ഉൾക്കരുത്തു കിട്ടുമെന്നും സ്വാമി പറഞ്ഞു. പ്രഭാഷണ പരമ്പര എന്നും വൈകിട്ട് 6 മുതൽ 7 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിൽ നടക്കും.