കൊല്ലം: റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഇന്നും നാളെയുമായി കൊല്ലത്ത് നടക്കും. സെന്റ് ജോസഫ് എച്ച്.എസ്.എസ്, ക്രിസ്തുരാജ് എച്ച്.എസ്.എസ്, വിമലഹൃദയ എച്ച്.എസ്.എസ്, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലാണ് മേള നടക്കുന്നതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പത്രസമ്മേളനത്തിൽ അറിയിച്ചു. സയൻസ് മേള, സോഷ്യൽ സയൻസ് മേള, ഗണിതമേള, വർക്ക് എക്സിപീരിയൻസ്, ഐ.ടി മേള എന്നിവയും വൊക്കേഷണൽ എക്സ്പോയും ചേർന്നാണ് നടത്തുക.

സയൻസ് മേളയിൽ 20 ഇനങ്ങളിലായി 510, പ്രവൃത്തി പരിചയമേളയിൽ 34 ഇനങ്ങളിലായി 1632, സോഷ്യൽ സയൻസ് മേളയിൽ 10 ഇനങ്ങളിലായി 336, ഗണിതമേളയിൽ 11 ഇനങ്ങളിലായി 400, ഐ.ടി മേളയിൽ 500 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം. പത്ര സമ്മേളനത്തിൽ പബ്ളിസിറ്റി കൺവീനർ എഫ്.ഖുർഷിദ്, എസ്. അഹമ്മദ് ഉഖൈർ, കിഷോർ, ഗഫീഖ് റഹ്മാൻ, ജയകൃഷ്ണൻ, അലക്സ്.പി.ജേക്കബ്, നജുമുദ്ദീൻ, അനിൽകുമാർ, സക്കറിയ മാത്യു, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

മന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ന് രാവിലെ സെന്റ് ജോസഫ് കോൺവന്റ് എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ വൊക്കേഷണൽ എക്സ്പോ ഉദ്ഘാടനം ചെയ്യും. കളക്ടർ എൻ.ദേവീദാസ് മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ, എസ്. സവിതാ ദേവി, എ.കെ.സവാദ്, ജി.സോമരാജൻ, കുരുവിള ജോസഫ്, ബി.ഷൈലജ, കെ.സുധ, എസ്.സജി, വി. ഷൈനി, സി.എസ്.അമൃത, അഞ്ജലീന മൈക്കിൾ, മേരി ജോസഫിൻ, ടി.സതീഷ് കുമാർ, ഒ.ജയകൃഷ്ണൻ എന്നിവർ സംസാരിക്കും. നാളെ വൈകിട്ട് 6ന് സമാപന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷത വഹിക്കും.

പരാധീനതകൾ ഏറെെ

റവന്യു ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് ഫണ്ട് തുശ്ചം. അയ്യായിരത്തോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപക- അനദ്ധ്യാപകരുമടക്കം പങ്കെടുക്കുന്ന മേളയ്ക്ക് 4.54 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പബ്ളിസിറ്റി കമ്മിറ്റിക്ക് 7000 രൂപ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ വേണ്ടത്ര ബോർഡുകളും കമാനങ്ങളും മറ്റ് സജ്ജീകരണങ്ങളുമൊന്നും തയ്യാറാക്കിയതുമില്ല. ഭക്ഷണ കമ്മിറ്റിക്ക് 2.48 ലക്ഷം മാറ്റിവച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് ഭക്ഷണം ഒരുക്കുക. പട്ടത്താനം എൽ.എം.എസ് എൽ.പി സ്കൂളിൽ ഭക്ഷണം തയ്യാറാക്കി നാല് കേന്ദ്രങ്ങളിലും എത്തിച്ച് വിളമ്പാനാണ് തീരുമാനം. ഒരു നേരം വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുക. സംഘാടകർക്കായി അത്താഴവുമൊരുക്കും.