കൊല്ലം: കൊല്ലം കലാഗ്രാമത്തിന്റെ നാടകോത്സവം നവംബർ 1 മുതൽ 15 വരെ കൊല്ലം സോപാനം കലാകേന്ദ്രത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ദിവസവും ഓരോ നാടകങ്ങൾ അവതരിപ്പിക്കും. ഒപ്പം സെമിനാറുകൾ, സുവനീർ പ്രകാശനം, മുഖാമുഖം എന്നിവയുമുണ്ടാകും. 1ന് വൈകിട്ട് 6ന് മന്ത്രി ജെ.ചിഞ്ചുറാണി നാടകോത്സവം ഉദ്ഘാടനം ചെയ്യും. പ്രതിഭാ പുരസ്കാരം ആർട്ടിസ്റ്റ് സുജാതന് മന്ത്രി സമർപ്പിക്കും. പ്രസിഡന്റ് കെ.രവിവർമ്മ അദ്ധ്യക്ഷത വഹിക്കും. എം.നൗഷാദ് എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ, അജോയ് ചന്ദ്രൻ, ജയചന്ദ്രൻ ഇലങ്കത്ത്, പ്രതാപ് ആർ.നായർ, ബാലചന്ദ്രൻ ഇരവിപുരം, ഗോപാൽജി എന്നിവർ സംസാരിക്കും. 6.30ന് നാടക അവതരണം. 15ന് വൈകിട്ട് 6ന് സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കലാഗ്രാമം വർക്കിംഗ് പ്രസിഡന്റ് എസ്. ബ്രഷ്നേവ് അദ്ധ്യക്ഷത വഹിക്കും. എല്ലാ ദിവസവും കൂപ്പൺ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും. നേരത്തെ കൊല്ലം കോർപ്പറേഷനുമായി സഹകരിച്ചാണ് നാടകോത്സവം നടത്തിയിരുന്നത്. എന്നാൽ അഭിപ്രായ ഭിന്നതകളെത്തുടർന്ന് കോർപ്പറേഷനുമായി നാടകോത്സവത്തിന് ബന്ധമില്ല. കൊല്ലം കലാഗ്രാമം ഫണ്ട് സമാഹരണം നടത്തിയാണ് പരിപാടി നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് രവിവർമ്മ, ജനറൽ സെക്രട്ടറി ബാലചന്ദ്രൻ ഇരവിപുരം, എസ്.ബ്രഷ്നേവ്, സി.ജി.അയ്യപ്പൻ എന്നിവർ പങ്കെടുത്തു.