d
ഇരവിപുരം കാപെക്സ് ഫാക്ടറിയിൽ കശുഅണ്ടി തൊഴിലാളി സ്ത്രീകളുടെ സമരം രാത്രിവരെ നീണ്ടപ്പോൾ

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇരവിപുരം കാപ്പക്സ് കശുഅണ്ടി ഫാക്ടറിയിൽ യൂണിയൻ ഭേദമില്ലാതെ തൊഴിലാളി സ്ത്രീകൾ ഇന്നലെ വൈകിട്ട് അഞ്ചിന് ആരംഭിച്ച സമരം രാത്രി ഏഴര വരെ നീണ്ടു. ബുധനാഴ്ച ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന് കാപെക്സ് ഉദ്യോഗസ്ഥ സംഘം ഉറപ്പുനൽകിയതോടെയാണ് തൊഴിലാളികൾ പിരിഞ്ഞത്.

ആറുമാസം കൂടുമ്പോൾ 78 ഹാജർ ലഭിക്കാത്തതിനാൽ മിക്ക തൊഴിലാളികൾക്കും ഇ.എസ്.ഐ ചികിത്സ ലഭിക്കുന്നില്ല, എല്ലാ തൊഴിലാളികൾക്കും ഒഴിവ് ദിന ശമ്പളം ലഭിക്കുന്നില്ല, 75 ശതമാനത്തിൽ കൂടുതൽ ഹാജർ ഉള്ളവരിൽ നിന്നു ബോണസ് അഡ്വാൻസ് തിരികെ ഈടാക്കുന്നു, തുടർച്ചയായി തൊഴിൽ ലഭിക്കുന്നില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ബി. രാജേഷ് അറിയിച്ചു.