 
കൊട്ടാരക്കര: കൊട്ടാരക്കര എസ്.ജി കോളേജിലെത്തിയ കെ.എസ്.യു നേതാവിനെ കോളേജിന് പുറത്തുവച്ച് എസ്.എഫ്.ഐക്കാർ തല്ലിച്ചതച്ചു, സാരമായി പരിക്കേറ്റ എസ്.ജി കോളേജ് പൂർവവിദ്യാർത്ഥി കൂടിയായ എബിൻ ഷാജിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.
സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് കെ.എസ്.യു ജില്ലാ കമ്മിറ്റി അംഗമായ എബിൻഷാജി കോളേജിലെത്തിയത്. കോളേജിന്റെ പ്രവേശന വഴിക്ക് സമീപം എസ്.എഫ്.ഐ പ്രവർത്തകർ തടയുകയും മർദ്ദിക്കുകയുമായിരുന്നു. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. പത്തംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് എബിൻഷാജി പൊലീസിന് മൊഴി നൽകി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
കൊലപാതക ശ്രമത്തിന് കേസെടുക്കണം
എബിൻഷാജിയെ വളഞ്ഞിട്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. എസ്.എഫ്.ഐയെ നിയന്ത്രിക്കാൻ കഴിവില്ലാത്ത നേതൃത്വമായി കൊട്ടാരക്കരയിലെ സി.പി.എം നേതാക്കൾ അധപതിച്ചെന്നും എം.പി കുറ്റപ്പെടുത്തി.