ഓക്സിജൻ കുറഞ്ഞത് കാരണമെന്ന് നിഗമനം
കൊല്ലം: അഷ്ടമുടിക്കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് പരിശോധിക്കാൻ വിദഗ്ദ്ധ സംഘമെത്തി. കുഫോസ്, ഫിഷറീസ് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള വരും കേരള സർവകലാശാലയിലെ ശാസ്ത്രജ്ഞനും ഉൾപ്പെടെയാണ് എത്തിയത്. ഇന്നലെ രാവിലെ മുതൽ നടത്തിയ പരിശോധനയിൽ രാസമാലിന്യങ്ങളുടെ സാന്നിദ്ധ്യമോ കക്കൂസ് മാലിന്യം, സൾഫർ എന്നിവയുടെ അംശമോ കണ്ടെത്തിയിട്ടില്ല.
തിരുവനന്തപുരം കുഫോസിൽ നിന്നുള്ള സംഘം മൊബൈൽ അക്വാ ലാബുൾപ്പെടെയുള്ള സന്നാഹങ്ങളുമായാണ് എത്തിയത്. രാവിലെ 11.30ന് തുടങ്ങിയ പരിശോധന 1.45 വരെ നീണ്ടു. ഫിഷറീസ് വകുപ്പിന്റെ ബോട്ടിലാണ് സംഘം വിവിധ ഇടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക നിഗമനമായ കറവെള്ളം (ആൽഗ ബ്ലൂം) ആണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങാൻ കാരണമെന്ന് കുഫോസ് സംഘവും വിലയിരുത്തി. കടവൂർ, മുട്ടത്തുമൂല, കുതിരക്കടവ്, ആശ്രാമം ഇ.എസ്. ഐ ആശുപത്രിക്ക് സമീപം, മങ്ങാട്- കടവൂർ പാലത്തിന്റെ വിവിധ ഭാഗങ്ങൾ, കണ്ടച്ചിറ എന്നിവിടങ്ങളിൽ നിന്ന് 100 മീറ്റർ, 200 മീറ്റർ ഇടവിട്ട് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പലേടത്തും വെള്ളത്തിന്റെ പി.എച്ച് ലെവൽ താഴ്ന്നിട്ടുണ്ടെന്നും നിറ വ്യത്യാസമുണ്ടെന്നും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിട്ടുണ്ടെന്നും കുഫോസ് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഞുണ്ണ എന്നറിയപ്പെടുന്ന വട്ടമത്തിയാണ് ചത്തതിൽ 90 ശതമാനവും. കുഫോസിന്റെ അക്വാട്ടിക് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ് മേധാവി ഡോ. എം.പി. സഫിയ, ഡോ. രാഹുൽ, വിദ്യാർത്ഥികളായ ആദർശ്, അഭിരാം, ഫിഷറീസ് വകുപ്പ് അധികൃതരായ ജില്ലാ ഫിഷറീസ് ഡി.ഡി. രമേശ് ശശിധരൻ, ഹെഡ്ക്വാർട്ടേഴ്സ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പോൾ രാജൻ, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.
കറവെള്ളം വിഷയം
ആൽഗ ബ്ലൂം (കറവെള്ളം) കാരണം രാത്രിയിൽ ഓക്‌സിജന്റെ അളവിൽ കുറവ് വരും. ഇത് മീനുകൾ ചത്ത് പൊങ്ങുന്ന സാഹചര്യം ഉണ്ടാക്കും. മത്സ്യത്തൊഴിലാളികൾ സംശയം ഉന്നയിച്ച സ്ഥലങ്ങളിലുൾപ്പെടെ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. മീനുകൾ ചത്തുപൊങ്ങിയ പലഭാഗത്തും ഓക്‌സിജന്റെ അളവ് ഒരുലിറ്ററിൽ 2.5 മില്ലിഗ്രാമിലും താഴെയാണ്. കുറഞ്ഞത് നാലുമുതൽ അഞ്ചു മില്ലിഗ്രാം ഓക്‌സിജൻവരെ ഒരു ലിറ്റർ വെള്ളത്തിൽ ഉണ്ടെങ്കിൽ മാത്രമേ മീനുകൾക്ക് ജീവൻ നിലനിറുത്താനാവൂ.
..................................................
മറ്റു നിഗമനങ്ങൾ
 കനത്ത മഴയിൽ കല്ലടയാറ്റിൽനിന്നുള്ള വെള്ളം വൻതോതിൽ കായലിലേക്ക് ഒഴുകി
 ഇതിനാൽ ലവണാംശത്തിലും ഏറ്റക്കുറച്ചിലുണ്ടായി
 ആൽഗകൾ പെട്ടെന്ന് പെരുകുന്നത് വെള്ളത്തിന്റെ നിറവും മണവും രുചിയും മാറ്റും
 പരിശോധന ഫലങ്ങൾ ലഭിക്കാൻ അഞ്ച് ദിവസം വേണം