
കൊല്ലം: തോട്ടണ്ടി ലഭിക്കാത്തതിനാൽ പൊതുമേഖലാ സ്ഥാപനങ്ങളായ കാപെക്സിന്റെയും കാഷ്യു കോർപ്പറേഷന്റെയും ഫാക്ടറികൾ പ്രതിസന്ധിയിൽ. കാപെക്സിന്റെ ഫാക്ടറികൾ അടഞ്ഞുതുടങ്ങി. കോർപ്പറേഷന്റെ ഫാക്ടറികളിൽ 10 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളൂ. ആഗോളവിപണിയിൽ തോട്ടണ്ടിവില വർദ്ധിച്ചതിനാൽ, കേരള കാഷ്യു ബോർഡ് വാങ്ങാൻ മടിച്ചുനിൽക്കുകയാണ്. ബോർഡാണ് തോട്ടണ്ടി വാങ്ങി നൽകുന്നത്.
ജൂൺ, ജൂലായ് മാസങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയ 12,000 ടൺ തോട്ടണ്ടി ഉപയോഗിച്ചാണ് പൊതുമേഖലാ ഫാക്ടറികൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഗിനിബസാവോ തോട്ടണ്ടിക്കും സെനഗൽ തോട്ടണ്ടിക്കും കാഷ്യു ബോർഡ് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. ഒടുവിൽ ക്ഷണിച്ച സെനഗൽ തോട്ടണ്ടിക്കുള്ള ടെൻഡർ നവംബർ പകുതിയോടെ തുറക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ടണ്ണിന് 1053 മുതൽ 1350 വരെ യു.എസ് ഡോളറിനാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തോട്ടണ്ടി വാങ്ങിയത്. ഇപ്പോൾ ആഗോള വില ടണ്ണിന് 1800 ഡോളറിന് (1.51 ലക്ഷം രൂപ) മുകളിലാണ്.
ഉത്പാദനം കുറഞ്ഞു,
അവിടെയും ഫാക്ടറികൾ
#കാലാവസ്ഥ വ്യതിയാനം കാരണം ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി ഉത്പാദനം കുറഞ്ഞു
#തോട്ടണ്ടി ഉത്പാദക രാജ്യങ്ങളിലും ഫാക്ടറികൾ വ്യാപകമായി. അവിടങ്ങളിൽ ജോലി ഉറപ്പാക്കാൻ സർക്കാർ ശ്രമം. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി കയറ്റുമതിക്ക് നിയന്ത്രണം
ഇ.എസ്.ഐ ആനുകൂല്യം
കിട്ടാനും തടസ്സം
സാമ്പത്തിക വർഷത്തിന്റെ ഓരോ പകുതിയിലും 78 ഹാജരുണ്ടെങ്കിലേ തൊട്ടടുത്ത ആറ് മാസം തൊഴിലാളികൾക്ക് ഇ.എസ്.ഐ കോർപ്പറേഷൻ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കൂ. തോട്ടണ്ടി ആവശ്യത്തിന് ഇല്ലാത്തതിനാൽ ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസത്തിനിടെ വലിയൊരു വിഭാഗം തൊഴിലാളികൾക്ക് 78 ഹാജർ ലഭിക്കാത്തതിനാൽ ഇ.എസ്.ഐ ആനുകൂല്യം നഷ്ടമാകുന്ന അവസ്ഥയാണ്.
പതിനേഴായിരം തൊഴിലാളികൾ
(സ്ഥാപനം, ഫാക്ടറി, തൊഴിലാളികളുടെ
ഏകദേശ എണ്ണം)
കാപെക്സ്............................10...................... 5000
കാഷ്യു കോർപ്പറേഷൻ.......30.....................12000
`ടാൻസാനിയൻ തോട്ടണ്ടിക്കായുളള ടെൻഡർ നവംബർ പകുതിയോടെ തുറക്കും. കരാറായാൽ ഒരു മാസത്തിനകം തോട്ടണ്ടി ലഭിക്കും.'
-എ. അലക്സാണ്ടർ,
കേരള കാഷ്യു ബോർഡ്
ചെയർമാൻ