vellappally

കൊല്ലം: ആർക്കെങ്കിലും തോന്നുമ്പോൾ വന്നുകാണാൻ താൻ വഴിയമ്പലമല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേലക്കരയി​ലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസിന് സന്ദർശനാനുമതി​ നിഷേധിച്ചത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ രമ്യ മത്സരിച്ചിരുന്നു. അന്നൊന്നും കാണാൻ വന്നിട്ടില്ല. വരാത്തതിൽ വിഷമമില്ല. അവർക്ക് തോന്നുമ്പോൾ കാണണമെന്ന് പറയുന്നതിലെ യുക്തി എന്താണ്? ഇങ്ങോട്ട് മാന്യത കാണിക്കുമ്പോഴല്ലേ അങ്ങോട്ടുമുണ്ടാകൂ. അവർ ഒരുപാട് സമ്മർദ്ദം ചെലുത്തി. താൻ നിലപാടിൽ ഉറച്ചുനിന്നു. കോൺഗ്രസിനോട് വിരോധമില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയമില്ല. ഇന്നലെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ നാട്ടിലില്ലായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പലതവണ കാണാൻ വന്നിട്ടുണ്ട്. വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡന്റും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന സമയത്ത് തന്നെ ജയിലിലാക്കാൻ ശ്രമിച്ചു. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ജയിലിലാക്കാൻ ശ്രമിച്ചതെന്നും വെള്ളാപ്പള്ളി ചോദിച്ചു.