ഇന്ത്യയുടെ സ്വന്തമായ ആയുർവേദം ഇന്ന് ലോകത്തിന്റെ ആരോഗ്യസംരക്ഷണത്തിലേക്ക് വളർന്നു. എല്ലാവർക്കും എല്ലാദിവസവും ആയുർവേദം എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ ആയുർവേദ ദിനത്തിന്റെ തീം. അത് ഇത്തവണ ആഗോള തലത്തിലേക്ക് മാറി. 'ആഗോള ആരോഗ്യത്തിനായുള്ള ആയുർവേദത്തിന്റെ പുതിയ കാൽവെപ്പ്' എന്നതാണ് ഇത്തവണത്തെ സന്ദേശം. ഒരു മരുന്നിനെ കുറിച്ചോ അല്ലെങ്കിൽ ഒരു ചികിത്സാ രീതിയെ കുറിച്ചോ മാത്രം പറയുന്ന ഒന്നല്ല ആയുർവേദം. രോഗം വരാതിരിക്കാനുള്ള നിരവധി കാര്യങ്ങൾ ആയുർവേദം പറഞ്ഞുവയ്ക്കുന്നുണ്ട്. ആരോഗ്യ രംഗത്ത് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് പറയുമ്പോഴും ജീവിതശൈലി രോഗങ്ങളും വാർദ്ധക്യസഹജമായ രോഗങ്ങളുമെല്ലാം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തെളിവുകളില്ല എന്ന പഴിയാണ് ആയുർവേദത്തിന് നേരെ ഉയരുന്നത്. ആയുർവേദം ശരിയല്ലെങ്കിൽ ഡബ്‌ള്യു.എച്ച്.ഒ എന്തിനാണ് ആയുർവേദത്തെ ഇങ്ങനെ ഏറ്റെടുക്കുന്നത്? സ്വന്തം നാട്ടിലെ ചികിത്സാ രീതി ഉപയോഗപ്പെടുത്താതെ അവിടുത്തെ പൊതുജനാരോഗ്യം സംരക്ഷിക്കാനാകില്ല.