കൊല്ലം: ക്ളാസ് മുറികളിലെ പഠനത്തിൽ മാത്രമൊതുങ്ങുന്നതല്ല ഇന്നത്തെ വിദ്യാഭ്യാസമെന്നും കുട്ടികളുടെ ബഹുമുഖ കഴിവുകൾ പരിപോഷിപ്പിക്കാനും വേണ്ടുന്ന പരിശീലനം നൽകാനും സംവിധാനങ്ങളുണ്ടെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം കൊല്ലം സെന്റ് ജോസഫ് കോൺവന്റ് എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രരംഗം ദിനംപ്രതി പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആ മാറ്റത്തിന് അനുസരിച്ച് കുട്ടികളെ പാകപ്പെടുത്തേണ്ടതുണ്ട്. സാങ്കേതിക വിദ്യകൾക്കനുസരിച്ച് പുതുതലമുറയുടെ മനോഭാവം മാറണം. അവർക്കുവേണ്ട പഠന സൗകര്യങ്ങളൊരുക്കി നൽകാൻ സർക്കാരും പൊതുസമൂഹവും ബാദ്ധ്യസ്ഥരാണ്. ശാസ്ത്രമേളകൾ കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ ഉപകരിക്കുന്നുണ്ട്. അല്പം പ്രോത്സാഹനം നൽകിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളവരാണ് നമ്മുടെ പുതുനാമ്പുകളെന്നും മന്ത്രി പറഞ്ഞു. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ വൊക്കേഷണൽ എക്സ്പോ ഉദ്ഘാടനം ചെയ്തു. കളക്ടർ എൻ.ദേവീദാസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ, എസ്.സജി, സി.എസ്. അമൃത, ആഞ്ജലീന മൈക്കിൾ, മേരി ജോസഫിൻ, ഒ.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.