പൊതുജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ആയുർവേദത്തിനുള്ള പങ്ക് വളരെ വലുതാണ്. ആയുർവേദത്തിന്റെ സദ്ഫലങ്ങളും ആയുർവേദ ചികിത്സയുടെ പ്രാധാന്യങ്ങളും രോഗമില്ലാത്ത കാലത്തും രോഗിയായി ഇരിക്കുമ്പോഴും എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ആയുർവേദ ദിനത്തിന്റെ പ്രസക്തി. പുത്തൻ ഗവേഷണങ്ങളും പുത്തൻ ആശയങ്ങളും ലോകത്തിന്റെ മുഴുവൻ ആരോഗ്യത്തിനായി എങ്ങനെ വിനിയോഗിക്കാം എന്നതാണ് ഇത്തവണത്തെ ആരോഗ്യദിനാഘോഷത്തിന്റെ ലക്ഷ്യം. അത്തരം പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടുന്ന രീതിയിൽ ആയുർവേദത്തിന് വേണ്ടി എല്ലാമേഖലകളിലും നിന്നുള്ള സഹകരണം ഉണ്ടാകേണ്ടതാണ്. ഭാരതത്തിന്റെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തിന്റെ പ്രാധാന്യവും പ്രയോഗവും ലോകജനതയ്ക്ക് മുഴുവൻ പ്രയോജനപ്രദമാകുന്ന രീതിയിൽ എത്തിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങൾക്ക് ഉപരിയായി ജനങ്ങളോടൊപ്പം ചേർന്നു നിന്നുകൊണ്ട് പ്രവർത്തിക്കുക എന്നത് എല്ലാവരുടെയും കടമയാണ്. കേരളകൗമുദി ഏറ്റെടുത്ത ആ പ്രവർത്തനം ഏറ്റവും കൂടുതൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ ആയുർവേദ സമൂഹവും പൊതുജനങ്ങളും എത്തിപ്പെടുമെന്ന് പ്രത്യാശിക്കു.