smp
തകർന്ന് കിടക്കുന്ന എസ്. എം.പി പാലസ് റോഡ്


കൊല്ലം: എസ്.എം.പി പാലസ് റോഡ് തകർന്ന് യാത്രക്കാരുടെ നടുവൊടിക്കാൻ തുടങ്ങി ആറ് വർഷം കഴി​ഞ്ഞി​ട്ടും തി​രി​ഞ്ഞുനോക്കാതെ അധി​കൃതർ. നഗരത്തിന്റെ ഹൃദയഭാഗത്തോട് ചേർന്ന് കിടക്കുന്ന പ്രധാന റോഡുകളിലൊന്നിനാണ് ഈ ദുർഗതി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡാണി​ത്. 2022ലാണ് പൊതുമരാമത്ത് വകുപ്പ് കൊല്ലം കോർപ്പറേഷന് റോഡ് കൈമാറി​യത്.

പാലസിന് സമീപത്തെ റെയിൽേവ ഗേറ്റ് മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് റോഡിൽ ഭൂരിഭാഗം ഭാഗങ്ങളിലും കുഴികളാണ്. പലേടത്തും ടാർ കാണാനില്ലാത്ത സ്ഥിതിയാണ്. ദിനംപ്രതി നൂറിലധികം വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിലെ ചെറിയ കുഴികൾ പലതും ഗർത്തങ്ങളായി. നഗരത്തിൽ ചിന്നക്കട റൗണ്ട് ചുറ്റാതെയും റെയിൽവേ മേൽപ്പാലം കയറാതെയും എസ്.എൻ കോളേജിലേക്കും കൊട്ടിയം തിരുവനന്തപുരം ഭാഗത്തേക്കും പോകുന്നതിനുള്ള എളുപ്പവഴിയാണിത്.

റോഡിലെ കുഴികളിൽ ഇരുചക്രവാഹന യാത്രക്കാരുൾപ്പെടെ വീണ് അപകടം ഉണ്ടായിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. റോഡ് വീണ്ടും ടാർ ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. പബ്ലിക്ക് ലൈബ്രറി, പൊലീസ് ക്ലബ്, സഹകരണബാങ്ക്, സോപാനം ഓഡിറ്റോറിയം, കെ.എസ്.ഇ.ബി അസി. എൻജിനിയറുടെ കാര്യാലയം എന്നീ സ്ഥാപനങ്ങളാണ് റോഡിന്റെ പരിസരത്തുള്ളത്.

വ്യാപാരി​കളും വലയുന്നു

സമീപത്തെ തീയറ്ററിന് മുന്നിലൂടെയുള്ള റോഡും തകർന്ന് കിടക്കുകയാണ്. ഓട്ടോറിക്ഷക്കാർ ഇതുവഴി​ വരാൻ മടി​ക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇക്കാരണത്താൽ ഇവി​ടത്തെ വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. എത്രയും വേഗം റോഡ് നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം .

എസ്. എം.പി പാലസ് റോഡ് നന്നാക്കുന്നതിന് തടസം കരാറുകാരെ ലഭിക്കാത്തതും കരാർ തുക ഉയർത്തുന്നതുമായി ബന്ധപ്പെട്ട വി​ഷയമാണ്. നിലവിൽ ടെണ്ടർ നടപടികൾ അവസാനഘട്ടത്തിലാണ്. റോഡിനോട് ചേർന്ന് ഓട പണിയാനെടുത്ത കാലതാമവും റീടാറിംഗിന് തടസമായിരുന്നു. എത്രയും വേഗം ടാറിംഗിനുള്ള നടപടികൾ സ്വീകരിക്കും

കോർപ്പറേഷൻ അധികൃതർ