കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷനുള്ളിൽ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് പ്രതിയുടെ ആത്മഹത്യ ശ്രമം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൊട്ടാരക്കര എസ്.സി, എസ്.ടി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്ന കടയ്ക്കൽ കുമ്മിൾ ഇരുനൂറ്റി റിജുഭവനിൽ റിജുവാണ് (40) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസുകാർ ബ്ലേഡ് പിടിച്ചുവാങ്ങിയതിനാൽ അത്യാഹിതം ഒഴിവായി. കഴുത്തിൽ നേരിയ പോറൽ മാത്രമാണ് സംഭവിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടി​നാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ റിജു കടയ്ക്കൽ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ റെഡ് കാറ്റഗറിയിൽ ഉൾപ്പെട്ടയാളാണ്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി റിജുവിനെ ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് റിജു സ്റ്റേഷനിലെത്തിയത്. തുടർന്നുള്ള പരിശോധനയിൽ എസ്.സി, എസ്.ടി കോടതിയിൽ നിന്നുള്ള വാറണ്ടുള്ളതായി കണ്ടെത്തി. റിമാൻഡ് ചെയ്യുമെന്നായതോടെയാണ് റിജു കഴുത്തിൽ ബ്ലേഡ് കൊണ്ട് പോറിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ മുറിവ് സാരമല്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ എസ്.സി, എസ്.ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.