ഭാരതത്തിന്റെ തനത് ചികിത്സാസമ്പ്രദായമായ ആയുർവേദത്തെ കുറിച്ച് ഇന്നും സാധാരണക്കാർക്കിടയിൽ തെറ്റിദ്ധാരണകളും അജ്ഞതകളും നിലനിൽക്കുന്നുണ്ട്. അലോപ്പതിയിൽ ഉള്ളതുപോലെ തന്നെ സ്പെഷ്യലൈസേഷൻ ആയുർവേദത്തിലും ഉണ്ട്. ആയുർവേദ ഡോക്ടർമാർ ആയുർവേദവും ആധുനിക ശാസ്ത്രവും സമഗ്രമായി പഠിച്ച് ഇവ രണ്ടും സമന്വയിപ്പിച്ച് ചികിത്സിക്കുന്നവരാണ്. ലോകത്ത് ആദ്യമായി ശസ്ത്രക്രിയ ചെയ്തതും രേഖപ്പെടുത്തിയതും ശുശ്രുതാചാര്യനാണ്. ഇത് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതുമാണ്. ആധുനിക വൈദ്യശാസ്ത്രം പോലും അദ്ദേഹത്തെയാണ് ശസ്ത്രക്രിയയുടെ പിതാവായി കാണുന്നത്. എന്നാൽ ഇന്ന് ആയുർവേദത്തിൽ സർജറി ചെയ്യാൻ നിയമപരമായ പരിമിതികളുണ്ട്. എന്നാൽ ശസ്ത്രക്രിയ സാദ്ധ്യമായ രോഗങ്ങൾക്ക് ആയുർവേദത്തിൽ എന്തെല്ലാം ചികിത്സകൾ നൽകാൻ പറ്റും എന്നത് പ്രധാനമാണ്. അർശസ് (പൈൽസ്), ഭഗന്ദരം (ഫിസ്റ്റുല) തുടങ്ങിയ മലാശയസംബന്ധമായ അസുഖങ്ങളെ കുറിച്ചും ഇത്തരം രോഗങ്ങൾ പൂർണമായി മാറ്റാനുള്ള ആയുർവേദ ശസ്ത്രക്രിയകളെ കുറിച്ചും ഡോ.എം.എസ്.ദീപ വിശദീകരിച്ചു.