കൊല്ലം: കൊല്ലത്ത് പുതിയ സി.ജി.എച്ച്.എസ് (സെൻട്രൽ ഗവ. ഹെൽത്ത് സ്കീം) വെൽനെസ് സെന്റർ (ചികിത്സാ കേന്ദ്രം) ആരംഭിക്കാൻ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊല്ലം, പത്തനംതിട്ട, അടൂർ, ചങ്ങനാശേരി, തിരുവല്ല, കരുനാഗപ്പളളി, ശാസ്താംകോട്ട, ഹരിപ്പാട്, കല്ലമ്പലം, ചാത്തന്നൂർ, പുനലൂർ, അഞ്ചൽ, കൊട്ടാരക്കര, കൊല്ലം ജില്ലയിലെ കിഴക്കൻ മേഖല എന്നി​വി​ടങ്ങളി​ലെ ആയിരക്കണക്കിന് രോഗി​കൾക്ക് പ്രയോജനം ചെയ്യുന്നതനാണ് പുതിയ വെൽനെസ് സെന്റർ.

നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് സി.ജി.എച്ച്.എസ് സെന്ററുകൾ പ്രവർത്തിക്കുന്നത്. കൊല്ലത്ത് വെൽനെസ് സെന്ററർ ആരംഭിക്കുന്നതോടെ ദീർഘദുരം യാത്ര ചെയ്ത് എറണാകുളത്തും തിരുവനന്തപുരത്തും ചികിത്സ തേടേണ്ടി​ വരുന്നവർക്ക് സഹായകരമാാവും. കൊല്ലം സി.ജി.എച്ച്.എസ് വെനെസ് സെന്റർ എന്ന ദീർഘകാലത്തെ ആവശ്യമാണ് സാക്ഷാത്കരിക്കുന്നത്. സെന്റർ കൊല്ലത്ത് ആരംഭിക്കണമെന്ന ആവശ്യം പതിനേഴാം ലോക്സഭയുടെ കാലയളവിൽ തന്നെ ഉന്നയിച്ചിരുന്നു. നിരന്തരമായി അധികാരികൾക്ക് നിവേദനം നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തു. നടപടികൾ തുടർന്ന് പുരോഗമി​ക്കവേയാണ് ലോക്സഭാ ഇലക്ഷൻ പ്രഖ്യാപി​ച്ചത്. നിരന്തരമായ ഇടപെടലിനെ തുടർന്നാണ് സെന്റർ ആരംഭിക്കാൻ തത്വത്തിൽ അംഗീകാമായത്.

കെട്ടിടം കിട്ടിയാൽ ഉടൻ പ്രവർത്തനം

3000- 3500 ചതുരശ്ര അടി വിസ്തീർണമുള്ളതും ഗുണഭോക്താക്കൾക്ക് വേഗം എത്തിച്ചേരാൻ കഴിയുന്നതും വാഹനങ്ങൾ പാർക്കു ചെയ്യാനാവുന്നതുമായ സ്ഥലമാണ് വെൽനെസ് സെന്റർ തുടങ്ങുന്നതിന് ആവശ്യം. കൊല്ലത്തെ ഇൻകം ടാക്‌സ് ഉടമസ്ഥയിലുളള കെട്ടിടങ്ങൾ വാടകയ്ക്ക് കിട്ടുന്നതിന് വേണ്ടി ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ, ഇൻകം ടാക്‌സ് തിരുവനന്തപുരം ചീഫ് കമ്മിഷണർ, കൊല്ലം അഡിഷണൽ കമ്മിഷണർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടം കിട്ടുന്ന മുറയ്ക്ക് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം.പി പറഞ്ഞു. സെന്റർ ആരംഭിക്കാൻ പ്രത്യേക അനുമതി നൽകിയ കേന്ദ്ര കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയ്ക്ക് എൻ.കെ. പ്രേമചന്ദ്രൻ എം.പി നന്ദി അറിയിച്ചു.