കൊല്ലം: കാലം മാറുമ്പോൾ കൊല്ലത്തിന്റെ പുതുനാമ്പുകളുടെ ശാസ്ത്രചിന്തയും ഉയരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേളയുടെ ആദ്യദിനം കടന്നുപോയത്. പുത്തൻ പരീക്ഷണങ്ങൾകൊണ്ടും വിദ്യാർത്ഥികളുടെ പങ്കാളിത്തംകൊണ്ടും മേള ശ്രദ്ധേയമായി.
നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രാധാന്യം കൂട്ടിച്ചേർത്ത് സമകാലികവും ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നതുമായ ഒട്ടേറെ വിഷയങ്ങളുമായാണ് ദ്വിദിന മേളയിൽ കൊല്ലത്തിന്റെ കുട്ടിശാസ്ത്രപ്രതിഭകൾ അണിചേർന്നത്. പ്രകൃതി സംരക്ഷണത്തിനുള്ള ഉപാധികൾ, ഐ.ടി രംഗത്തെ പുത്തൻ സാദ്ധ്യതകൾ, പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ളം പോംവഴികൾ, ഗണിതശാസ്ത്രത്തിലെ പുതുമകൾ, കാർഷിക മേഖലയിലെ നൂതനാശയങ്ങൾ, ഇന്ധനക്ഷാമം പരിഹരിക്കാനുള്ള പുതിയ ആശയങ്ങൾ, അടുക്കള വിഭവങ്ങളൊരുക്കാനുള്ള പുത്തൻ സാമഗ്രികൾ തുടങ്ങി കുട്ടിമനസിൽ തെളിഞ്ഞുവന്നതൊക്കെ മേളയിലും നിരന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാര്യകാരണസഹിതം വിവരിക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞപ്പോഴാണ് മേള കാണാനെത്തിയവരും തൃപ്തരായത്.
സയൻസ്, ഗണിതം, ഐ.ടി, വി.എച്ച്.എസ്.ഇ എക്സ്പോ മേളകളാലാണ് ഒന്നാം ദിനം ഹൃദ്യവും വിസ്മയവുമായത്. ഇന്ന് സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയം, ഐ.ടി, വി.എച്ച്.എസ്.ഇ എക്സ്പോ എന്നിവയും കൂടിയാകുമ്പോൾ കൂടുതൽ കൊഴുപ്പേകും. കൊല്ലം സെന്റ് ജോസഫ് എച്ച്.എസ്.എസ്, ക്രിസ്തുരാജ് എച്ച്.എസ്.എസ്, വിമലഹൃദയ എച്ച്.എസ്.എസ്, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലാണ് സ്കൂൾ ശാസ്ത്രോത്സവം നടക്കുന്നത്. ഇന്ന് വൈകിട്ടോടെ കൊടിയിറങ്ങും. വൈകിട്ട് 6ന് സമാപന സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സമ്മാനദാനം.