 
കൊല്ലം: മാസത്തിലൊരിക്കൽ ശബരിമലയ്ക്കുപോകുമ്പോൾ ശ്രാവൺ പുനലൂർ തൂക്കുപാലം കാണാറുണ്ട്, സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിന് എന്താണ് തയ്യാറാക്കുന്നതെന്ന് ചിന്തിച്ചപ്പോൾത്തന്നെ തൂക്കുപാലം മനസിലോടിയെത്തി. പിന്നെ തനത് ഭംഗിയിൽ അത് തയ്യാറാക്കി. ഉപജില്ലാ മേളയിൽ സമ്മാനംകിട്ടിയപ്പോൾ ആത്മവിശ്വാസമേറി. ഇന്നലെ ജില്ലാമേളയിലും തൂക്കുപാലം നിർമ്മിച്ചാണ് ചിതറ എസ്.എൻ.എച്ച്.എസ്.എസിലെ എട്ടാം ക്ളാസുകാരൻ ശ്രാവൺ താരമായത്. മൂന്ന് മണിക്കൂർകൊണ്ടാണ് ഫോംബോർഡ് ഫോർ എക്സ് ഷീറ്റുകൾ വെട്ടിയും ഒട്ടിച്ചുമൊക്കെ തൂവെള്ള നിറമുള്ള തൂക്കുപാലമാക്കിയത്. ചിതറ മടത്തറ തുമ്പമൺതൊടി റോഡരികത്ത് വീട്ടിൽ വൈ.ഷാജിലാലിന്റെയും എസ്.ശരണ്യയുടെയും മകനാണ് ശ്രാവൺ.