കൊല്ലം: ഷിരൂരിലെ ഗംഗാവാലിപ്പുഴയും അതിന്റെ ആഴങ്ങളിൽ നിന്ന് ഉയർത്തിക്കൊണ്ടുവന്ന സങ്കടക്കാഴ്ചകളും ഇന്നും മാഞ്ഞുപോയിട്ടില്ല, ഉള്ളുലച്ച ആ ദുരന്തത്തിൽ മനസർപ്പിച്ചുകൊണ്ടാണ് ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അഡ്രിനോ ബേസിസിഡ് ലൊക്കേഷൻ ട്രാക്കർ കണ്ടുപിടിച്ചത്.

ഇന്നലെ വൊക്കേഷണൽ ഹയർ സെക്കൻഡറി എക്സ്പോയിൽ ഇത് എത്തിച്ചപ്പോൾ കാഴ്ചകാണാനെത്തിയവരുടെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞു. സ്കൂളിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥികളായ ഹാഫിസ്, അനന്തകൃഷ്ണൻ എന്നിവരാണ് കണ്ടുപിടിത്തവുമായി എത്തിയത്. വെള്ളത്തിൽ പെട്ടുപോകുന്ന വാഹനങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനുള്ള സാങ്കേതിക വിദ്യയാണ് അഡ്രിനോ ബേസിസിഡ് ലൊക്കേഷൻ ട്രാക്കർ പരിചയപ്പെടുത്തിയത്. ഈ ഉപകരണം ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ വെള്ളത്തിൽ വീണാൽ എത്ര ആഴത്തിലായാലും വാട്ടർ സെൻസർ പ്രവർത്തിക്കും. തുടർന്ന് ജി.പി.എസ് ട്രാക്കർ ആക്ടിവേറ്റായി ജി.എസ്.എം മൊഡ്യൂൾവഴി വാഹനത്തിന്റെ ലൊക്കേഷൻ മനസിലാക്കാൻ കഴിയുമെന്ന് കുട്ടിപ്രതിഭകൾ വിവരിച്ചു. ഇതിൽ കണക്ട് ചെയ്തിട്ടുള്ള സിം വഴി വാഹനത്തിന്റെ ലൊക്കേഷൻ സംബന്ധിച്ച സന്ദേശമെത്തും. ഇത് ഡീ കോഡ് ചെയ്ത് ഗൂഗിൾ മാപ്പ് വഴി വാഹനം എവിടെയുണ്ടെന്ന് കണ്ടെത്താം.