കൊട്ടാരക്കര: ഗവ.ഗേൾസ് ഹൈസ്കൂൾ റോഡിന് വീതി കൂടും. പൊലീസ് സ്റ്റേഷൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുനടന്ന ആലോചനകളിലാണ് വീതി കൂട്ടാൻ ധാരണയായത്. ബോയ്സ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ഗേൾസ് ഹൈസ്കൂൾ ഭാഗത്തേക്കുള്ള റോഡ് തീർത്തും ഇടുങ്ങിയതാണ്. ഗേൾസ് ഹൈസ്കൂളിന് പുറമെ യു.ഐ.ടി കോളേജ്, ബ്ളോക്ക് റിസോഴ്സ് സെന്റർ, പൊലീസ് വനിതാ സെൽ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഓഫീസ് എന്നിവ ഈ റോഡിന്റെ വശത്തായാണ് പ്രവർത്തിക്കുന്നത്. അടുത്തിടെ സർക്കാർ നഴ്സിംഗ് കോളേജ് ഇവിടെ പ്രവർത്തനം തുടങ്ങിയിരുന്നു. ഇപ്പോൾ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പൊലീസ് ട്രെയിനിംഗ് സെന്ററിനും വനിതാ സെല്ലിനും പുതിയ കെട്ടിടങ്ങളും നിർമ്മിച്ചുവരികയാണ്. ഈ ഘട്ടത്തിലാണ് വീതികൂട്ടാൻ കഴിയുമോയെന്ന ചർച്ചകൾ വന്നത്. മന്ത്രി കെ.എൻ.ബാലഗോപാലും നഗരസഭ ചെയർമാൻ എസ്.ആർ.രമേശും മുൻകൈയെടുത്താണ് ധാരണയുണ്ടാക്കിയത്.
വീതി കൂട്ടാൻ സ്വകാര്യ ഭൂമി
നിലവിൽ നാല് മീറ്റർ വീതിയുള്ള റോഡാണ് ഇവിടെയുള്ളത്. പൊട്ടിപ്പൊളിഞ്ഞ് തകർന്ന റോഡിന് എം.പി ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മാണ ജോലികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ പുതിയ തീരുമാന പ്രകാരം റോഡിന്റെ ഇരു വശങ്ങളിൽ നിന്ന് ഓരോ മീറ്റർ വീതിയിൽ സ്വകാര്യ ഭൂമികൾ ഏറ്റെടുക്കേണ്ടി വരും. ചർച്ചകളിൽ ഭൂമിയുടെ ഉടമകൾ സമ്മതമറിയിച്ചു. പൊളിക്കുന്ന മതിൽ പുനർ നിർമ്മിക്കുക, പിന്നീടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദൂരപരിധിയിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഭൂമിയുടെ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടും ബന്ധപ്പെട്ടവർ അംഗീകരിച്ചതിനാൽ ഇനി തടസങ്ങൾ ഉണ്ടാകില്ല. പൊലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിന് ശേഷമേ വീതികൂട്ടൽ ജോലികൾ തുടങ്ങുകയുള്ളൂ. മതിൽ നിർമ്മിക്കാൻ നഗരസഭയുടെ അടുത്ത പദ്ധതിയിൽ തുക അനുവദിക്കും.
വൺവേ സംവിധാനം
റോഡിന് വീതി കൂട്ടുമ്പോഴും വൺവേ സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. പൊലീസ് സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും സ്കൂളിലുമൊക്കെ എത്തുന്ന വാഹനങ്ങൾ നിലവിലുള്ള വഴിയിൽക്കൂടി കടന്നുചെല്ലാം. തിരികെ പോകുന്നതിന് പകരം സംവിധാനമുണ്ടാക്കും. വൺവേ സംവിധാനം ഏർപ്പെടുത്തുമ്പോൾ ഇവിടെയുള്ള താമസക്കാർക്ക് ഇളവ് അനുവദിക്കണമെന്നാണ് റസിഡൻസ് അസോസിയേഷന്റെ ആവശ്യം.