കൊല്ലം: വ്യായാമം ചെയ്ത് മസിലും ആരോഗ്യവും മാത്രമല്ല വൈദ്യുതിയും ഉണ്ടാക്കാമെന്ന് തെളിയിക്കുകയാണ് കടയ്ക്കൽ ഗവ.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ നായിഫ് നിഷാദും എസ്. മെഹ്റയും. ട്രെഡ്മില്ലിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ' എക്കോ ഫ്രണ്ട്ലി എനർജി പ്രൊഡ്യൂസിംഗ് ട്രെഡ്മിൽ മോഡലാണ് ഇരുവരും ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ അവതരിപ്പിച്ചത്. ആശയത്തിന് ലഭിച്ചതാകട്ടെ എ ഗ്രേഡിന്റെ പൊൻതിളക്കം.

ഒരാൾ ട്രഡ്മില്ലിൽ ഓടുകയോ നടക്കുകയോ ചെയ്താൽ അവരുടെ ചലനംമൂലം കൺവയോർ ബെൽറ്റ് കറങ്ങും. ഈ ബെൽറ്റുമായി ഘടിപ്പിച്ചിട്ടുള്ള മോട്ടോർ യാന്ത്രികോർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റും. ഉത്പാദിപ്പിക്കപ്പെടുന്ന എ.സി കറന്റിനെ ഡി.സി ആക്കി മാറ്റി ബാറ്ററികളിൽ സംഭരിക്കും. സംഭരിച്ച് വയ്ക്കുന്ന 9 വോൾട്ട് ഡി.സി കറന്റിനെ ഇൻവെർട്ടർ സർക്യൂട്ട് ബോർഡിന്റെ സഹായത്തോടെ 220 വോൾട്ട് എ.സി കറന്റാക്കും. ഈ വൈദ്യുതി ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാം.

തങ്ങൾക്ക് ഫിസിക്സിൽ പഠിക്കാനുള്ള ഇലക്ട്രോമാഗ്നറ്റിക് ഇൻഡക്ഷൻ എന്ന പാഠത്തിലെ ലാ ഒഫ് കൺസർവേഷൻ ഒഫ് എനർജി എന്ന ഭാഗമാണ് ഇത്തരമൊരാശയത്തിലേക്ക് നയിച്ചതെന്ന് ഇരുവരും പറയുന്നു.