കൊല്ലം: കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.സി.പി.എം കൊല്ലം ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സന്ധ്യ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സത്യാനന്തര കാലത്തെ മാദ്ധ്യമപ്രവർത്തനമാണ് നടക്കുന്നത്. ഒരു കള്ളം നൂറുതവണ ആവർത്തിച്ചാൽ ജനങ്ങൾ വിശ്വസിക്കുമെന്ന ഗീബൽസിയൻ ആശയം കൈമുതലാക്കിയാണ് മുഖ്യധാരാ മാദ്ധ്യമങ്ങളടക്കം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക സമിതി ചെയർമാൻ പി. സോമനാഥൻ അദ്ധ്യക്ഷനായി. വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ആദരിച്ചു. കവി മുരുകൻ കാട്ടാക്കട, അശോകൻ ചരുവിൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എം.എച്ച്. ഷാരിയർ, ചിന്താ ജെറോം, ഡി. സുരേഷ് കുമാർ, എ.എം. ഇക്‌ബാൽ, കൺവീനർ ജി. സുന്ദരൻ, എ.കെ. സവാദ്, പി. അനിത്, അഡ്വ. വി രാജേന്ദ്രബാബു, ബി ജയകുമാർ എന്നിവർ സംസാരിച്ചു.