 
അഞ്ചാലുംമൂട്: ബൈപ്പാസിൽ കടവൂർ പള്ളിവേട്ടച്ചിറയിൽ നിന്ന് നീരാവിലേക്ക് പോകുന്ന ഭാഗത്തെ റോഡിൽ ഓടനിർമ്മാണത്തിനെടുത്ത കുഴിയും കമ്പികളും യാത്രക്കാർക്ക് ഭീഷണിയാവുന്നു. കുഴിയിൽ നിന്ന് കൂർത്ത കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്.
ഓടനിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ റോഡ് അടച്ചിട്ടിരിക്കുകയാണ്. നിലവിൽ ചെറിയ ഒരു വഴി മാത്രമുണ്ട്. ദിനംപ്രതി നൂറ്കണക്കിന് ആളുകളാണ് നീരാവിൽ നിന്ന് കടവൂരിലേക്ക് ജോലിക്കും മറ്റുമായി പോകുന്നത്. നീരാവിൽ എൽ.പി.എസ്, നീരാവിൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളും ഭീതിയോടെയാണ് ഇവിടം കടക്കുന്നത്. കാവനാട് നിന്ന് വരുന്ന വാഹനങ്ങൾ നീരാവിൽ ഭാഗത്തേക്ക് പ്രവേശിക്കണമെങ്കിൽ നിലവിലുണ്ടായിരുന്ന സ്ഥലത്ത് നിന്ന് 50 മീറ്റർ മുന്നിലേക്ക് പോയി തിരിഞ്ഞ് ചെറിയ വഴിയിലൂടെ പോകേണ്ട അവസ്ഥയാണ്. ഓടനിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ തമ്മിൽ സൈഡ് നൽകാനാകാത്ത സ്ഥിതിയുണ്ട്. നീരാവിൽ പാലം മുതൽ പള്ളിവേട്ടചിറയിലേക്ക് തിരിയിരുന്ന റോഡിന്റെ എതിർവശം വരെ ഓട നിർമ്മാണത്തിന്റെ ഭാഗമായി റോഡ് കുഴിച്ച അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നു. ഇതിൽ തട്ടി ഇരുചക്രവാഹന യാത്രക്കാർ വീഴുന്നത് സ്ഥിരം സംഭവമാണ്
നിരവധിതവണ ഡിവിഷൻ കൗൺസിലറും നാട്ടുകാരും ബൈപ്പാസ് അധികൃതരോട് പരാതി പറഞ്ഞിട്ടും ഇതുവരെ ഓടപൊളിച്ചതിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യുകയോ ഓടനിർമ്മാണം പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ല. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി ഓടയ്ക്കെടുത്ത കുഴികൾ നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അന്തി മയങ്ങിയാൽ അപകടം 
സന്ധ്യമയങ്ങിയാൽ ബൈപ്പാസിൽ ജീവൻ കൈയിൽപ്പിടിച്ചല്ലാതെ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ് . റോഡ് മുറിച്ചു കടക്കണമെങ്കിലും കാൽനടയായി പോകണമെങ്കിലും ആശ്രയം വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചവും മൊബൈലിന്റെ ഫ്‌ളാഷ്‌ലൈറ്റും മാത്രമാണ്. മതിയായ വെളിച്ചമില്ലാത്തതിനാൽ ബൈപ്പാസിലെ നീരാവിലേക്ക് പോകുന്ന റോഡിൽ ഓടയ്ക്കായി കുഴിച്ച കുഴിയിൽ വാഹനങ്ങൾ വീണ് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കാനുള്ള സാദ്ധ്യത ഏറെയാണ്. രാത്രിയിൽ വെളിച്ചമില്ലാതെ പാലങ്ങളിലൂടെയുള്ള യാത്രയും അപകടകരം.