കൊല്ലം: ജോലി​ഭാരം തലയി​ലേറ്റി​യുള്ള നെട്ടോട്ടത്തി​നി​ടയി​ലും വി​ല്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ (വി.ഇ.ഒ) ഹാജർ രേഖപ്പെടുത്താൻ രാവി​ലെയും വൈകി​ട്ടും പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നിലെത്തണമെന്ന ഉത്തരവുമായി തദ്ദേശസ്വയംഭരണ വകുപ്പ്. ഫിൽഡ്തല പരിശോധനകൾക്കും മറ്റ് ഓഫീസുകളിൽ ഔദ്യോഗിക യോഗങ്ങൾക്കും പോകുന്നതിന് മുൻപ് പഞ്ചായത്ത് സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഏകീകരണ നടപടികളുടെ ഭാഗമായുള്ള പുതിയ ഉത്തരവിൽ പറയുന്നു.

നിലവിൽ വി.ഇ.ഒമാർ ഉച്ചയ്ക്ക് ശേഷമാണ് വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഫീൽഡ് പരിശോധനയ്ക്ക് പോകുന്നത്. ഭൂരിഭാഗം ദിവസങ്ങളിലും ഫീൽഡ് പരിശോധന വൈകിട്ട് അഞ്ച് കഴിഞ്ഞും നീളും. ഏഴ് മണി വരെ പരിശോധന തുടരുന്ന അവസ്ഥയുമുണ്ട്. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ വി.ഇ.ഒമാർ ഫീൽഡ് പരിശോധന കഴിഞ്ഞ് ഹാജർ രേഖപ്പെടുത്താൻ നേരത്തെ ജോലി അവസാനിപ്പിച്ച് അഞ്ച് മണിക്ക് ഓഫീസിലെത്തേണ്ടി വരും. പുതിയ തീരുമാനം പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണത്തെ ബാധിക്കുമെന്നും വി.ഇ.ഒമാർ ചൂണ്ടിക്കാട്ടുന്നു.

ഗ്രാമവികസന വകുപ്പിന്റെ ഭാഗമായിരുന്ന വി.ഇ.ഒമാരുടെ തസ്തിക ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലാണെങ്കിലും പഞ്ചായത്തുകളിലെ വി.ഇ.ഒ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ യോഗങ്ങളുള്ള ദിവസങ്ങളിൽ അവിടെയും അല്ലാത്ത ദിവസങ്ങളിൽ പഞ്ചായത്തിലെ വി.ഇ.ഒ ഓഫീസുകളിലുമാണ് ഇവർ ഹാജർ രേഖപ്പെടുത്തിയിരുന്നത്. എല്ലാ മാസവും മുൻകൂട്ടി ടൂർ ഡയറി തയ്യാറാക്കി നൽകുന്നതിന് പുറമേ മാസാവസാനവും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ടൂർ ഡയറി നൽകും.

ഗുണഭോക്താക്കളെ തേടി അലയുന്നു

പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള ഭവന പുനരുദ്ധാരണം, ശൗചാലയ നിർമ്മാണം, കിണർ നിർമ്മാണം, മാലിന്യ സംസ്കരണം, ചെറുകിട വ്യവസായങ്ങൾക്കുള്ള സബ്സിഡി തുടങ്ങിയ പദ്ധതികളുടെ നിർവഹണ ചുമതല വി.ഇ.മാർക്കാണ്. നി​ലവി​ൽ ഓരോ പഞ്ചായത്തിലും പി.എം.എ.വൈ പദ്ധതിയിൽ നിന്ന് 200 മുതൽ 500 വരെ ഭവന നിർമ്മാണത്തിന് ടാർജറ്റ് നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിലുള്ളവരെ തേടിയും വി.ഇ.ഒമാർ നേട്ടോട്ടമോടുകയാണ്.

വി.ഇ.ഒമാരുടെ ജോലി

 ലൈഫ് മിഷൻ പദ്ധതി
 തൊഴിലുറപ്പ് പദ്ധതിയുടെ പരിശോധന
 വാർദ്ധക്യകാല പെൻഷൻ ഫീൽഡ് പരിശോധന
 ശുചിത്വമിഷന്റെ പഞ്ചായത്തുതല ചുമതല
 തദ്ദേശ വാർഷിക പദ്ധതി നിർവഹണം
 ഒരു പഞ്ചായത്തിൽ 2 മുതൽ 3 വി.ഇ.ഒമാർ വരെ

 ജോലി രാത്രി വരെ നീളും
 ഫീൽഡ് പരിശോധനയ്ക്ക് യാത്രാപ്പടിയില്ല

 പരിശോധന ചെലവ് സ്വന്തം കീശയിൽ നിന്ന്