കൊട്ടാരക്കര: സി.പി.ഐ നേതാവിനെ മർദ്ദിച്ച കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. 2021 നവംബർ 18ന് കൊട്ടാരക്കര കോളേജ് ജംഗ്ഷനിൽ വച്ച് മുൻ നഗരസഭ കൗൺസിലറും സി.പി.ഐ നേതാവുമായ കൊട്ടാരക്കര വലിയപറമ്പിൽ സുരേഷിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന കേസിലാണ് സാജൻ തോമസ്, ജയജീവൻ, ജഗജീവൻ എന്നിവരെ എസ്.സി- എസ്.ടി പ്രത്യേക വിചാരണ കോടതി വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്. സാജൻ തോമസിന്റെ ഭൂമിയിലേക്ക് കയറ്റിവച്ച് കച്ചവടം നടത്തിവന്ന പെട്ടിക്കടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇടത് മുന്നണി വലിയ പ്രതിഷേധം നടത്തിയ സംഭവമായിരുന്നു. എന്നാൽ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് മൂന്ന് പ്രതികളെയും വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ തോമസ് വർഗീസ്, ജി.കെ.ശ്രീജിത്ത്, ആർ.നിധീഷ് എന്നിവർ കോടതിയിൽ ഹാജരായി.