
കുന്നത്തൂർ: കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ എ.ടി.എമ്മിനു സമീപം നിറുത്തിയിട്ടിരുന്ന കാറിനു പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ തത്ക്ഷണം മരിച്ചു. പുത്തൂർ ചെറുമങ്ങാട് കിരൺ ഭവനിൽ അജികുമാറിന്റെയും ബേബി റാണിയുടെയും മകൻ കിരൺജിത്ത് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30നാണ് സംഭവം. കുന്നത്തൂർ കടക്കിലഴികത്ത് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. കാർ റോഡരികിൽ നിറുത്തിയിട്ട ശേഷം സമീപത്തെ തട്ടുകടയിൽ ദമ്പതികൾ കയറിയ സമയത്താണ് ബൈക്ക് ഇടിച്ചത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: ശരൺജിത്ത്.